പാർട്ടിയോട് കൂറും ആത്മാർഥതയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടി. ഗുണപരമായ നേതൃ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
Also Read :
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാകാതെ നേതൃത്വം ചർച്ചകൾ തുടരുമ്പോഴാണ് നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഉണ്ണിത്താൻ പറഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി വാദിക്കുമ്പോൾ കൂടുതൽ എംഎൽഎമാർ വിഡി സതീശനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് നേതാക്കളുടെ പ്രതികരണം.
കോൺഗ്രസ് പ്രവർത്തകർ തകർന്ന് തരിപ്പണമായമായിരിക്കുകയാണ്. അവരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച കെ മുരളീധരൻ പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടി അടിത്തറ ഇല്ലാതായതാണെന്നും അദ്ദേഹം പറഞ്ഞു.