തിരുവനന്തപുരം
18നും 45നും ഇടയിൽ പ്രായമുള്ള അനുബന്ധരോഗബാധിതരിൽ രജിസ്റ്റർ ചെയ്ത 5241 പേർ വാക്സിൻ സ്വീകരിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. സംസ്ഥാന സർക്കാർ വില കൊടുത്തുവാങ്ങിയ വാക്സിനാണ് ഈ വിഭാഗത്തിന് നൽകുന്നത്.
ഇതുവരെ 85,35,868 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. 65.19ലക്ഷം പേർ ഒന്നാം ഡോസ് വാക്സിനും 20.16 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ ജനസംഖ്യയുടെ 18.37 ശതമാനം പേർ സംസ്ഥാനത്ത് വാക്സിനെടുത്തു. 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് എറണാകുളത്താണ്, 3102 പേർ. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ–-573. നിലവിൽ കേന്ദ്രം അനുവദിച്ച വാക്സിൻ തീർന്നു.
ഇതോടെ സംസ്ഥാനത്ത് 45 വയസ്സുമുതലുള്ളവർക്കുള്ള വാക്സിനേഷൻ വൻപ്രതിസന്ധിയിലാണ്. ബുധനാഴ്ചത്തെ വാക്സിനേഷന് ശേഷം ഏതാണ്ട് 18,000 ഡോസ് വാക്സിൻ മാത്രമാണുണ്ടായിരുന്നത്. വ്യാഴാഴ്ചയോടെ ഇവ തീർന്നു. വാക്സിൻ ദൗർലഭ്യമുണ്ടെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ കൂടുതൽ മുൻഗണനാ വിഭാഗങ്ങളെ സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇവർക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചു.