ആലപ്പുഴ
പ്രകടനപത്രിക നടപ്പാക്കി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണമായിരിക്കും എൽഡിഎഫ് സർക്കാരിന്റേതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വയലാറിലെയും ആലപ്പുഴ വലിയ ചുടുകാട്ടിലെയും രക്തസാക്ഷി മണ്ഡപങ്ങളിലെ പുഷ്പാർച്ചനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിലും മുന്നണിയിലും വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾ അർപ്പിച്ചത്. പ്രകടനപത്രിക നടപ്പാക്കുന്നതിൽ സർക്കാരിന് പാർടിയുടെ എല്ലാ പിന്തുണയുമുണ്ടാകും. കഴിഞ്ഞ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ വലിയ ജനപ്രീതി നേടിയതാണ് ഉജ്വല വിജയം സമ്മാനിച്ചത്. ജനക്ഷേമത്തിന് വലിയ പ്രാധാന്യം നൽകും. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാകും. ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ പ്രതിലോമശക്തികളും മറ്റുള്ളവരും പരിശ്രമിച്ചു. മതനിരപേക്ഷ ശക്തികളും ഉൽപതിഷ്ണുക്കളും നാടിന്റെ വികസനം കാംക്ഷിക്കുന്നവരുമെല്ലാം അതിനെ ചെറുത്തു തോൽപ്പിച്ചു.
മതനിരപേക്ഷതയുടെ വലിയ വിജയമാണ് ഈ സർക്കാരിന്റെ രണ്ടാം വരവ് –- വിജയരാഘവൻ പറഞ്ഞു.