തിരുവനന്തപുരം
സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള പുതുക്കിയ മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ വിതരണത്തിന് മാർഗനിർദേശമായി. തൊഴിൽദാതാക്കൾ വേണം അർഹതപ്പെട്ട തൊഴിലാളികളുടെ പേര് രജിസ്റ്റർ ചെയ്യാൻ. സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പ്രത്യേക വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തണം. ഉടമയുടെയോ ഉത്തരവാദപ്പെട്ട ഓഫീസറുടെയോ നമ്പർ നൽകി ഒടിപി വഴിവേണം രജിസ്റ്റർ ചെയ്യാൻ. തുടർന്ന് വാക്സിനേഷൻ സംബന്ധിച്ച എസ്എംഎസ് തൊഴിൽദാതാവിന് ലഭിക്കും. എസ്എംഎസ്, തിരിച്ചറിയൽ രേഖ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ എന്നിവയുമായാണ് വാക്സിനേഷൻ സെന്ററിൽ ഹാജരാകേണ്ടത്. നേരത്തേ അനുബന്ധരോഗമുള്ളവരെ മുൻഗണനാ പട്ടികയിൽപെടുത്തി വാക്സിനേഷൻ ആ രംഭിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ ഉത്തരവുപ്രകാരം 32 മേഖലയിൽപ്പെട്ടവരെക്കൂടി ഉൾപ്പെടുത്തിയത്.
44,369 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് വ്യാഴാഴ്ച 44,369 പേർകൂടി കോവിഡ് മുക്തരായി. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന മരണനിരക്ക് 100 കടന്നു. വ്യാഴാഴ്ച 128 മരണംകൂടി കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 6852 ആയി. 1,31,525 സാമ്പിൾ പരിശോധിച്ചു.
രോഗസ്ഥിരീകരണ നിരക്ക് 23.18 ശതമാനം. 30,491 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ്- സ്ഥിരീകരിച്ചു. മലപ്പുറം–- 4746, തിരുവനന്തപുരം –-3969, എറണാകുളം –-3336, കൊല്ലം–- 2639, പാലക്കാട്–- 2560, ആലപ്പുഴ –-2462, തൃശൂർ–- 2231, കോഴിക്കോട്–-2207, കോട്ടയം–- 1826, കണ്ണൂർ–- 1433, പത്തനംതിട്ട–- 991, ഇടുക്കി –-846, കാസർകോട്–- 728, വയനാട് –-517 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. സംസ്ഥാനത്തിപ്പോൾ 3,17,850 പേർ ചികിത്സയിലുണ്ട്. 101 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 28,176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. വ്യാഴാഴ്ച അഞ്ച് സ്ഥലം ഹോട്ട്സ്പോട്ടാക്കി. ആകെ ഹോട്ട്സ്പോട്ട് 866.
ഇവർക്ക് വാക്സിൻ
ഓക്സിജൻ ഉൽപ്പാദനം, വിതരണം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, മാധ്യമപ്രവർത്തകർ, ഭിന്നശേഷിക്കാർ, റെയിൽവേ ഫീൽഡ് സ്റ്റാഫ്, ടിടിഇമാർ, വിമാനത്താവളം ഫീൽഡ്, ഗ്രൗണ്ട് സ്റ്റാഫ്, കെഎസ്ആർടിസി ഡ്രൈവർമാർ, കണ്ടക്ടർമാർ, മത്സ്യവിൽപ്പനക്കാർ, പച്ചക്കറി വിൽപ്പനക്കാർ, ഹോർട്ടികോർപ്, മത്സ്യഫെഡ്, കൺസ്യൂമർഫെഡ് ഫീൽഡ് ജീവനക്കാർ, കെഎസ്ഇബി, ജല അതോറിറ്റി ഫീൽഡ് സ്റ്റാഫ്, പെട്രോൾ പമ്പ് ജീവനക്കാർ, വാർഡ് ഹെൽത്ത് മെമ്പർമാർ, സന്നദ്ധസേനാ വളന്റിയർമാർ, ഹോം ഡെലിവറി ഏജന്റ്സ്, പത്രവിതരണക്കാർ, ചുമട്ടുതൊഴിലാളികൾ, പാൽവിതരണക്കാർ, ചെക്പോസ്റ്റ്, ടോൾ ബൂത്ത് ജീവനക്കാർ, ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാർ, റേഷൻകട ജീവനക്കാർ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലെ ജീവനക്കാർ, സിറ്റിസൻ സർവീസ് സെന്റർ ജീവനക്കാർ, പാലിയേറ്റീവ്, വൃദ്ധജന പരിപാലന ജീവനക്കാർ, ബിവറേജസ് കോർപറേഷൻ ജീവനക്കാർ, തൊഴിൽവകുപ്പ് ഫീൽഡ് ഓഫീസർമാർ, ടെലികോം ഫീൽഡ് ഓഫീസർമാർ.