ആലുവ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ സത്യപ്രതിജ്ഞയ്ക്കായി പി രാജീവിന്റെ പേര് വിളിച്ചതും വീട്ടിൽ ടിവിക്കുമുന്നിലിരുന്ന പങ്കിയമ്മ കസേരയിൽനിന്ന് എഴുന്നേറ്റു. നിറകണ്ണുകളോടെ കൈകൂപ്പി. വീട്ടുകാർ കസേരയിൽ പിടിച്ചിരുത്തിയെങ്കിലും വീണ്ടും എഴന്നേറ്റുനിന്ന് കൂപ്പുകൈകളുമായിനിന്ന് സത്യപ്രതിജ്ഞ കണ്ടു.
‘രാജീവ് സത്യമുള്ളവനാ. നന്നായി വരും. ഈയൊരു നിമിഷം കാണാനുള്ള ഭാഗ്യമുണ്ടായല്ലോ. ഇനി മരിച്ചാലും മതി’–- പങ്കിയമ്മ പറഞ്ഞു. തെരഞ്ഞെടുപ്പു പര്യടനത്തിനിടയിൽ കടുങ്ങല്ലൂരിൽ രാജീവ് എത്തിയപ്പോഴാണ് കടേപ്പിള്ളിക്കാരി പങ്കിയമ്മ എന്ന പങ്കജാക്ഷി അദ്ദേഹത്തെ കണ്ടത്. രാജീവിന്റെ തലയിൽ കൈവച്ച് കരഞ്ഞുകൊണ്ട് മോൻ ജയിച്ചു വരുമെന്നുള്ള പങ്കിയമ്മയുടെ അനുഗ്രഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. രാജീവിന്റെ വിജയത്തിനായി പരിചയക്കാരോടെല്ലാം അവർ വോട്ട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിൽ വിജയ വാർത്ത അറിഞ്ഞ് വൈകാതെ രാജീവ് പങ്കിയമ്മയെ കാണാനെത്തി. മധുരവും നല്കി.
വ്യാഴാഴ്ച രാവിലെമുതൽ സത്യപ്രതിജ്ഞ കാണാനുള്ള തിടുക്കത്തിലായിരുന്നു പങ്കിയമ്മ. ഇതിനിടെ ഫോണിൽ വിളിച്ചവരോടും രാജീവിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. പശുക്കളെ നാലു മണിക്ക് കറക്കുന്നത് മാറ്റി. സത്യപ്രതിജ്ഞ കഴിഞ്ഞുമതി കറവ എന്നും തുരുമാനിച്ചു. മരുമകൾ ഷിനി സാബു, ചെറുമക്കളായ രാഹുൽ, അഖിൽ, സിപിഐ എം കുടപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി എച്ച് സുധീർ, അഭിനന്ദ് കൃഷ്ണ എന്നിവർക്കൊപ്പമാണ് സത്യപ്രതിജ്ഞ കണ്ടത്.