തൃശൂർ
കൊടകരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു കുഴൽപ്പണം കവർന്നെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി(34)യെയാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. പണം ഒളിപ്പിച്ചതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ 20പേർ അറസ്റ്റിലായി.
രഞ്ജിത്ത് പിടിയിലാകുമെന്ന് ഉറപ്പായതോടെ ദീപ്തിയുടെ കൈയിൽ 11 ലക്ഷം നൽകിയിരുന്നു. ഈ പണത്തിന്റെ വിവരം പൊലീസിൽ നിന്നു മറച്ചുവച്ചതിനെത്തുടർന്നാണ് അറസ്റ്റ്. കവർച്ചപ്പണം ആണെന്നറിഞ്ഞുകൊണ്ടുതന്നെ ഒളിപ്പിച്ചതിനാണ് നടപടി. ഇവരിൽ നിന്നും മറ്റു പ്രതികളിൽനിന്നുമായി ഇനിയും ധാരാളം പണം കണ്ടെത്താനുണ്ടെന്നാണ് അന്വേഷകസംഘം നൽകുന്ന സൂചന.
പുതുതായി രൂപവൽക്കരിച്ച അന്വേഷകസംഘം ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നാലുപേരെ ജയിലിൽവച്ചും ചോദ്യം ചെയ്തു. മൂന്ന് പ്രതികൾക്ക് കോവിഡായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല.
ഏപ്രിൽ മൂന്നിന് രാവിലെ 4.30നാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കാറും പണവും കവർന്നത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മണ്ഡലങ്ങളിൽ ചെലവഴിക്കാൻ ബിജെപി കൊണ്ടുപോയ കുഴൽപ്പണമാണിതെന്നാണ് പൊലീസിനു ലഭിച്ച വിവരം. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ പരാതി. എന്നാൽ, ഇതിനകംതന്നെ ഒരു കോടിയിലേറെ രൂപ പ്രതികളിൽനിന്ന് കണ്ടെത്തി. പണം കടത്തലിൽ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.