മ്യൂണിക്
യൂറോ കപ്പ് ഫുട്ബോളിനുള്ള ജർമൻ ടീമിൽ തോമസ് മുള്ളറെയും മാറ്റ് ഹമ്മൽസിനെയും പരിശീലകൻ ജോക്വിം ലോ ഉൾപ്പെടുത്തി. 2019 മാർച്ചിനുശേഷം ആദ്യമായാണ് ഇരുവരെയും ടീമിലെടുക്കുന്നത്. 26 അംഗ ടീമിൽ പതിനെട്ടുകാരനായ മധ്യനിരക്കാരൻ ജമാൽ മുസിയാലയും ഉൾപ്പെട്ടു.
മുപ്പത്തൊന്നുകാരായ മുള്ളർ ജർമൻ ലീഗിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് വേണ്ടി 11 ഗോൾ നേടി. 18 എണ്ണത്തിന് അവസരവുമൊരുക്കി. ഹമ്മൽസ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ജർമൻ കപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഇരുവരെയും ഇനി ജർമൻ ടീമിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു ലോ 2019ൽ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷത്തെ നേഷൻസ് കപ്പിൽ സ്പെയ്നിനോട് ആറ് ഗോളിന് തോറ്റതോടെ കാര്യങ്ങൾ മാറി. ഹമ്മൽസിന്റെ അഭാവം പ്രതിരോധത്തെ കാര്യമായി ബാധിച്ചു.
നൈജീരിയൻ വംശജനായ മധ്യനിര താരം ജമാൽ മുസിയാലയും ടീമിലിടം പിടിച്ചു. ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ അക്കാദമി താരമായിരുന്നു. 2019ൽ ബയേണിനെ തെരഞ്ഞെടുത്തു. ജർമൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു.
ഗ്രൂപ്പ് എഫിൽ ഫ്രാൻസ്, ഹംഗറി, പോർച്ചുഗൽ ടീമുകൾക്കൊപ്പമാണ് ജർമനി. ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് യൂറോ. കോവിഡ് കാരണം കഴിഞ്ഞ വർഷം ടൂർണമെന്റ് മാറ്റിവയ്ക്കുകയായിരുന്നു.
ടീം
ഗോൾ കീപ്പർമാർ‐ മാനുവൽ നോയെ, കെവിൻ ട്രാപ്പ്, ബെൺഡ് ലെനോ
പ്രതിരോധം‐ അന്റോണിയോ റൂഡിഗർ, മാറ്റ് ഹമ്മൽസ്, മതിയാസ് ഗിന്റർ, നിക്കളാസ് സുലെ, എമറി ചാൻ, ലൂക്കാസ് ക്ലോസ്റ്റെർമാൻ, റോബിൻ ഗോസെൻസ്, റോബിൻ കോച്ച്, ക്രിസ്റ്റ്യൻ ഗുണ്ടെർ, മാഴ്സെൽ ഹാൾസ്റ്റെൻബുർഗ്.
മധ്യനിര‐ ജോഷ്വ കിമ്മിക്, ഇകായ് ഗുൺഡോവൻ, കെയ് ഹവേർട്ട്സ്, ടോണി ക്രൂസ്, ലിയോൺ ഗൊറെസ്ക, ലിറോയ് സാനെ, ജൊനാസ് ഹോഫ്മാൻ, ഫ്ളോറിയൻ നോഹുസ്, ജമാൽ മുസിയാല.
മുന്നേറ്റം‐ സെർജി നാബ്രി, തോമസ് മുള്ളർ, ടിമോ വെർണർ, കെവിൻ വോളണ്ട്.