ടൂറിൻ
തിരിച്ചടികൾ നേരിട്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിരീട നേട്ടത്തിൽ കുറവില്ല. ഇറ്റാലിയൻ കപ്പും നേടിയതോടെ റൊണാൾഡോ കളിച്ച ലീഗുകളിലെല്ലാം പ്രധാന കിരീടങ്ങൾ ചൂടി. ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ അറ്റ്ലാന്റയെ 2‐1ന് തോൽപ്പിച്ചാണ് യുവന്റസ് ചാമ്പ്യൻമാരായത്. എൺറികോ ചിയേസയും ദെയാൻ കുലുസെവ്സ്കിയും യുവന്റസിനായി ഗോളടിച്ചു.
ഈ സീസണിൽ യുവന്റസിന്റെ ഏക കിരീടമാണിത്. ചാമ്പ്യൻസ് ലീഗിൽ പാതിവഴിയിൽ വീണ റൊണാൾഡോയും കൂട്ടരും ലീഗിലും കിരീടവഴിയിൽനിന്ന് പുറത്തായി. പരിശീലകൻ ആന്ദ്രേ പിർലോയ്ക്കും ഈ കിരീടം ആശ്വാസമായി.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽനിന്ന് യുവന്റസിലെത്തിയ റൊണാൾഡോയ്ക്ക് രണ്ട് തവണ ഇറ്റാലിയൻ ലീഗ് കിരീടം നേടാനായി. എന്നാൽ ഇറ്റാലിയൻ കപ്പ് മാത്രം അകന്നു. എന്നാൽ ഇക്കുറി അതും തികച്ചു. റയലിലും മുൻ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിലും ഈ പോർച്ചുഗീസുകാരൻ പ്രധാന ആഭ്യന്തര കിരീടങ്ങളെല്ലാം സ്വന്തമാക്കിയിരുന്നു.
നാൽപ്പത്തിമൂന്നുകാരനായ ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫണും റെക്കോഡിട്ടു. യുവന്റസിലും പാർമയിലുമായി 25 കിരീടങ്ങൾ ബുഫൺ സ്വന്തമാക്കി. മുൻ എസി മിലാൻ പ്രതിരോധക്കാരൻ പവ്ലോ മൽദീനിയുടെ റെക്കോഡിനൊപ്പമാണ് ബുഫൺ എത്തിയത്.മാർച്ചിനുശേഷം ആദ്യമായി മത്സരം കാണാൻ കാണികളുമെത്തിയിരുന്നു.