പാരിസ്
കിലിയൻ എംബാപ്പെയുടെ മിന്നലാട്ടത്തിൽ പിഎസ്ജിക്ക് മറ്റൊരു കിരീടം കൂടി. ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ ഏഴ് വർഷത്തിനിടെ ആറാം തവണയും പിഎസ്ജി മുത്തമിട്ടു.
ഫൈനലിൽ മൊണാകോയെ രണ്ട് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിഎസ്ജി മൊണാകോയെ ഫൈനലിൽ കീഴടക്കുന്നത്. 1985ലും 2010ലുമായിരുന്നു മറ്റ് നേട്ടങ്ങൾ. ലീഗിൽ ഇക്കുറി രണ്ട് തവണ പിഎസ്ജിയെ കീഴടക്കിയ മൊണാകോയ്ക്ക് ഫ്രഞ്ച് കപ്പ് ഫൈനലിൽ ആ മികവ് പുറത്തെടുക്കാനായില്ല. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയാണ് പിഎസ്ജിയുടെ വിജയശിൽപ്പി.
കളിയുടെ തുടക്കത്തിൽതന്നെ പിഎസ്ജി നിയന്ത്രണം നേടി. അരമണിക്കൂർ തികയുംമുമ്പ് അവർ മുന്നിലെത്തി. മൊണാകോ പ്രതിരോധക്കാരൻ അക്സെൽ ഡിസാസിയുടെ പിഴവാണ്ഗോളിലേക്ക് വഴിതുറന്നത്. എംബാപ്പെയ്ക്ക് പന്ത് കിട്ടി. ഈ ഫ്രഞ്ചുകാരൻ മൗറോ ഇക്കാർഡിക്ക് അവസരമൊരുക്കി. കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ എംബാപ്പെയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. പിന്നാലെ ഏയ്ഞ്ചൽ ഡി മരിയ ഒരുക്കിയ അവസരത്തിൽ എംബാപ്പെ ലക്ഷ്യം കണ്ടു.
മൗറീസിയോ പൊച്ചെട്ടീനോയ്ക്ക് കീഴിൽ രണ്ടാം കിരീടമാണ് പിഎസ്ജി ഈ സീസണിൽ നേടിയത്. എന്നാൽ ലീഗിൽ കിരീടം നിലനിർത്തുന്ന കാര്യത്തിൽ പിഎസ്ജിക്ക് ഉറപ്പില്ല. അവസാന റൗണ്ട് ബാക്കിനിൽക്കെ ലില്ലെയ്ക്ക് ഒരു പോയിന്റ് പിന്നിലാണ് പിഎസ്ജിഇപ്പോൾ. അവസാന കളിയിൽ ലില്ലെ തോറ്റാൽ മാത്രമേ പിഎസ്ജിക്ക് പ്രതീക്ഷയുള്ളു.
ചാന്പ്യൻസ് ലീഗിന്റെ സെമിയിലാണ് പുറത്തായത്.