അഹമ്മദാബാദ്
ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. കൂടുതൽ മരണം മതിലുകൾ തകർന്നുവീണാണ്. മരം കടപുഴകിവീണും വീടുകൾ പൊളിഞ്ഞുവീണും നിരവധിപ്പേർ മരിച്ചെന്ന് ദുരിതാശ്വാസ കമീഷണർ ഹർഷദ് കുമാർ പട്ടേൽ പറഞ്ഞു. നാശനഷ്ടമുണ്ടായ മേഖലകളിൽ ബുധനാഴ്ച വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തിന് 1000 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം സംസ്ഥാനവിഹിതം ഉൾപ്പെടുത്തി മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു.