ചേലക്കര
മകൻ മന്ത്രിപദം ഏറ്റെടുക്കുന്ന ദൃശ്യം ടിവിയിൽ തെളിഞ്ഞപ്പോൾ തോന്നൂർക്കരയിലെ വീട്ടിൽ ആ അമ്മയുടെ കണ്ണീർ തുളുമ്പി. ആനന്ദാശ്രു. കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന ടിവി നോക്കിയിരുന്നു. മകൻ മന്ത്രിപദം അലങ്കരിക്കാൻ വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കെത്തുന്നത് കണ്ണിമവെട്ടാതെ കണ്ടു. ഒപ്പം ഒരു വിതുമ്പലിന്റെ ഓളം മുഖത്ത് മിന്നി.
നിമിഷങ്ങൾക്കകം അത് ചെറുപുഞ്ചിരിയായി മാറി. ഓർമകളിൽ തളംകെട്ടി നിന്ന കഷ്ടപ്പാടുകളും ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകന്റെ ജീവിതവും മകന് രാഷ്ടീയത്തിലിറങ്ങാൻ പിന്തുണ നൽകിയ അച്ഛൻ കൊച്ചുണ്ണിയുടെ നിശ്ചയദാർഢ്യവും ഒരു വേള ആ മനസ്സിൽ ഓടി മറഞ്ഞിരിക്കാം. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ വീട്ടിലെത്തിയവർക്ക് മധുരം നൽകി സന്തോഷം പങ്കുവച്ചു. രണ്ടു പെൺമക്കളും അവരുടെ കുട്ടികളും മകൻ രവിയും കുടുംബവും വീട്ടിലെത്തിയിരുന്നു.