തിരുവനന്തപുരം
രണ്ടുപതിറ്റാണ്ടുമുമ്പേ തലസ്ഥാന നഗരത്തിൽ നഗരസഭ നടപ്പാക്കിയ ഒരു പദ്ധതി രാജ്യശ്രദ്ധ നേടി. സ്കൂൾ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സൗജന്യമായി പാൽ നൽകുന്ന പദ്ധതി ആവിഷ്കരിച്ചത് അന്നത്തെ മേയർ വി ശിവൻകുട്ടി. പ്രാധാന്യം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഇ കെ നായനാരും വിദ്യാഭ്യാസമന്ത്രി പി ജെ ജോസഫുമൊക്കെ ഉദ്ഘാടന ചടങ്ങിനെത്തിയത് വലിയ താൽപ്പര്യത്തോടെ. നൂതനാശയം നഗരത്തിലെ പ്രൈമറി സ്കൂൾ കുട്ടികൾക്കെല്ലാം പാൽ ഉറപ്പാക്കി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിപൂലീകരണ ചർച്ചകൾക്കും നടപടികൾക്കും ഇത് തുടക്കമിട്ടു. വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ഇത്തരം ചിന്തകളും പ്രവർത്തനങ്ങളുമാണ് വി ശിവൻകുട്ടിയെ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രിയാക്കിയത്.
കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ വി ശിവൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ (ഫയൽചിത്രം)
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നായകസ്ഥാനത്തുനിന്നാണ് ശിവൻകുട്ടി, തന്റെ ബിരുദ, നിയമ ബിരുദ പഠനം പൂർത്തിയാക്കുന്നത്. സീതാറാം യെച്ചൂരിക്കൊപ്പം വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരത്ത് പ്രവർത്തിച്ച സമര പാരമ്പര്യം. യെച്ചൂരി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോൾ വി ശിവൻകുട്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ മാറ്റങ്ങൾക്കും നവീകരണത്തിനുമായി പ്രവർത്തിച്ച മുൻനിരക്കാരിലൊരാൾ.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കാകെ നേതൃത്വമായി.
എൽകെജി പ്രവേശനത്തിനും വൻകോഴ വാങ്ങിയിരുന്ന സ്വകാര്യ സ്കൂൾ മാനേജുമെന്റുകൾക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച ശിവൻകുട്ടിയുടെ നേതൃപാടവം പരക്കെ പ്രശംസിക്കപ്പെട്ടു. തലസ്ഥാനത്തെ സ്വകാര്യസ്കൂളിൽ വിദ്യാർഥിനി അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾമൂലം മാതാവ് ആത്മഹത്യ ചെയ്തതിനെത്തുടർന്ന് സംഘടിപ്പിച്ച പ്രക്ഷോഭം സ്കൂൾ പ്രവേശന നടപടികൾ പൊളിച്ചെഴുതിച്ചു. പ്രീഡിഗ്രി ബോർഡിനെതിരെയും പോളിടെക്നിക് കോളേജ് സ്വകാര്യവൽക്കരണത്തിനെതിരെയുമുയർത്തിയ സമരങ്ങൾ സർക്കാർ നിലപാട് തിരുത്തിച്ചു. എൻജിനിയറിങ് കോളേജുകളിലടക്കം അരങ്ങേറിയ ക്രൂരമായ വിദ്യാർഥി റാഗിങ് അവസാനിപ്പിക്കുന്നതിനും എസ്എഫ്ഐ പ്രക്ഷോഭം സഹായിച്ചു. ക്രൂരമായ പൊലീസ്, ഗുണ്ടാ മർദനവും ജയിൽവാസവുമൊക്കെ അനുഭവിച്ചായിരുന്നു വി ശിവൻകുട്ടിയുടെ ഈ ഇടപെടലുകൾ.
തിരുവനന്തപുരം മേയറായശേഷം നഗരത്തിലെ സർക്കാർ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളും വിപുലീകരിച്ചു. നഗരസഭാ ഓഫീസ് സമുച്ചയത്തിൽ വിപുലമായ കംപ്യൂട്ടൾ പരിശീലന കേന്ദ്രത്തിന് തുടക്കമിട്ടു. എംഎൽഎയായപ്പോൾ പത്ത് സ്കൂളിന് ബസ് നൽകിയും മാതൃകയായി.
സ്കൂളിൽ നീന്തൽക്കുളം ഒരുക്കൽ പദ്ധതിക്ക് തുടക്കമിട്ടതും നേമത്താണ്. കിലെയിൽ തൊഴിലാളികളുടെ മക്കൾക്കായി ഐഎഎസ് പരിശീലനകേന്ദ്രം തുടങ്ങിയതിനും നിമിത്തമായത് ചെയർമാൻ വി ശിവൻകുട്ടിയാണ്.