ബാലുശേരി
ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് പഞ്ചായത്തുകളിൽ പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും തോൽവിക്ക് കാരണം ഗ്രൂപ്പ് അതിപ്രസരമാണെന്നും കാണിച്ച് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി കെപിസിസി പ്രസിഡന്റിന് പരാതിനൽകി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധർമജൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. യുഡിഎഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളുണ്ടായിട്ടും ഒന്നിൽ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്. ഉണ്ണികുളത്ത് 1494 വോട്ടിന്റെയും അത്തോളിയിൽ 2186 വോട്ടിന്റെയും ഭൂരിപക്ഷം എൽഡിഎഫ് നേടിയപ്പോൾ കൂരാച്ചുണ്ടിൽ മാത്രമാണ് 742 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാതിനൽകിയിട്ടുണ്ട്.
മണ്ഡല പര്യടനം ഒരുഘട്ടമാണ് നടത്തിയത്. പ്രധാന കേന്ദ്രങ്ങളിൽ ചെന്ന് വോട്ടർമാരെ കാണാൻ നേതൃത്വം പരിപാടി തയ്യാറാക്കിയില്ല. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തുടക്കത്തിൽത്തന്നെ ചിലനേതാക്കൾ വിവാദമുണ്ടാക്കി. ഫലപ്രഖ്യാപനദിവസംപോലും മണ്ഡലത്തിൽ എത്താതിരുന്ന പ്പോൾ ധർമജൻ മുങ്ങിയെന്നായിരുന്നു നവമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മുങ്ങിയതല്ലെന്നും ജനങ്ങൾക്ക് ഞാൻ രാഷ്ട്രീയത്തിൽ വേണ്ട, സിനിമയിൽ മാത്രം മതിയെന്നുമാണ് തീരുമാനം. പിണറായി കർക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്നാണ് വിശ്വാസമെന്നും ധർമജൻ പറഞ്ഞു.