തൃശൂർ
കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളിൽനിന്ന് കണ്ടെടുത്ത തുക ഒരു കോടി രൂപയോളമായി. മുഖ്യപ്രതി രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂർ വെളിയനാട് വീട്ടിൽ പലയിടത്തായി ഒളിപ്പിച്ച 11.96 ലക്ഷം രൂപ ബുധനാഴ്ച കണ്ടെടുത്തു. നേരത്തേ പലരിൽനിന്നായി 87.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതോടെ ആകെ കണ്ടെത്തിയ തുക 99.46 ലക്ഷമായി.
ചോദ്യം ചെയ്യലിൽ പണം ഇല്ലെന്ന് രഞ്ജിത്ത് ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ, തെളിവ് നിരത്തിയോടെ കുടുങ്ങി. കഴിഞ്ഞദിവസം മറ്റൊരു പ്രതി ഷുക്കൂറിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിലെ കോഴിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എട്ട് ലക്ഷം കണ്ടെടുത്തിരുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളിൽ ചെലവഴിക്കാനായി കടത്തിക്കൊണ്ടുവന്ന പണം ദേശീയപാതയിൽ കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവർന്നുവെന്നാണ് കേസ്. ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പുതിയ അന്വേഷകസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യൽ പൂർത്തിയാക്കി. കേസിൽ 19 പ്രതികൾ അറസ്റ്റിലായി. അന്വേഷണം ശക്തമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ചമുതൽ ഒരാഴ്ച തൃശൂരിൽ ക്യാമ്പ് ചെയ്യും. സംഭവവുമായി ബന്ധമുള്ള ജില്ലയിലെ രണ്ട് ബിജെപി നേതാക്കളേയും ചോദ്യം ചെയ്യും. പണം തട്ടിയെടുത്തതിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഇതിൽ ഒരാൾ കവർച്ച നടന്ന് മിനിറ്റുകൾക്കകം കൊടകരയിൽ എത്തിയിരുന്നു. മറ്റൊരു നേതാവാണ് സംഘത്തിന് തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത്. പണം കൊടുത്തുവിട്ട യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സുനിൽ നായിക്, പണം കൊണ്ടുവന്ന ആർഎസ്എസ് നേതാവ് ധർമരാജ് എന്നിവരിൽനിന്നും വീണ്ടും വിവരം ശേഖരിക്കും. 25 ലക്ഷം കവർന്നതായാണ് ധർമരാജിന്റെ പരാതി. എന്നാൽ, പ്രതികളിൽ നിന്നുമാത്രം ഒരുകോടിയോളം രൂപ കണ്ടെടുത്തു. മൂന്നര കോടി രൂപയാണ് കവർന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതികൾക്കു പുറമെ ബിജെപി നേതാക്കൾക്ക് പണം പങ്കിട്ട് നൽകിയതായാണ് സൂചന.
പരാതി നൽകിയിട്ട് മൂന്നാഴ്ച ; ഇഡി അന്വേഷണം നിഷ്ക്രിയം
തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി കുഴൽപ്പണമായി എത്തിച്ച മൂന്നരക്കോടിരൂപ കൊടകരയിൽ പാർടി നേതാക്കൾതന്നെ കവർന്ന കേസിൽ പരാതി നൽകി ഒരുമാസമായിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൗനം. അന്വേഷണം നടത്തുമെന്ന് പറഞ്ഞെങ്കിലും ഒരു മാസമായിട്ടും തുടർനടപടികളായില്ല. സംസ്ഥാനത്ത് കേസ് അന്വേഷിക്കുന്ന പൊലീസിൽനിന്ന് പ്രാഥമിക വിവരങ്ങൾപോലും ഇഡി ശേഖരിച്ചില്ല.
ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഏപ്രിൽ 26ന് ഇഡിയുടെ കൊച്ചി ഓഫീസിലേക്കും തുടർന്ന് ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കും പരാതി നൽകിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി പത്തുകോടി കടത്തിയെന്നും, ഇതിൽ മൂന്നരക്കോടി എറണാകുളം ജില്ലയിലേക്കും ബാക്കി ഇടുക്കി, തൃശൂർ ജില്ലകളിലേക്കും കൊണ്ടുപോയെന്നുമാണ് പരാതി. മൊത്തം 500 കോടിയോളംരൂപ കള്ളപ്പണമായി ബിജെപി ഇറക്കിയെന്നും പരാതിയിലുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുന്നതും പിഎംഎൽഎ ആക്ടിന്റെ (കള്ളപ്പണം വെളുപ്പിക്കൽ) ലംഘനമാണെന്നും പറയുന്നു.
ബിജെപി സംസ്ഥാന നേതാക്കളുൾപ്പെട്ടതിനാലാണ് ഇഡി നിഷ്ക്രിയത്വം പാലിക്കുന്നതെന്ന് സലീം മടവൂർ കുറ്റപ്പെടുത്തി. ജോയിന്റ് ഡയറക്ടർ ചുമതലയേറ്റിട്ടില്ലെന്നും തിങ്കളാഴ്ച ചുമതലയേറ്റശേഷം നടപടി ആരംഭിക്കുമെന്നാണ് ഇഡി വിശദീകരണം.
കെടകരയിൽവച്ച് കാർ ആക്രമിച്ച് 25 ലക്ഷവും കാറും കവർന്നുവെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജാണ് ആദ്യം പരാതി നൽകിയത്. തുടരന്വേഷണത്തിൽ ഈ പണം കൊടുത്തയച്ചത് യുവമോർച്ച സംസ്ഥാന ഭാരവാഹിയായിരുന്ന സുനിൽ നായിക്കാണെന്നും കവർച്ചയ്ക്ക് പിന്നിൽ ബിജെപി നേതാക്കൾതന്നെയാണെന്നും സംസ്ഥാന പൊലീസ് കണ്ടെത്തി.