തിരുവനന്തപുരം
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു കാലമായി അവർക്ക് കടലിൽ പോകാനാകുന്നില്ല. അതിനാൽ പട്ടിണി ഒഴിവാക്കാനാണ് ഈ തീരുമാനം. ഇപ്പോഴത്തെ സാഹചര്യം മാറിയാലുടൻ കടലിൽ പോകാൻ അനുമതി നൽകും. വസ്ത്ര വ്യാപാരം ഓൺലൈൻ വഴി നടത്താൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. പൈനാപ്പിൾ ശേഖരിക്കാൻ അതിഥിത്തൊഴിലാളികൾക്ക് നിർമാണത്തൊഴിലാളികളെ പോലെ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അനുമതി നൽകാം.
പാൽ ഏറ്റെടുക്കും
മിൽമ ഉച്ചയ്ക്കുശേഷം പാൽ എടുക്കുന്നില്ല. അതിനാൽ പാൽ നശിക്കുകയാണ്. ക്ഷീരകർഷകർ വലിയ പ്രയാസം നേരിടുന്നുണ്ട്. അതിനാൽ വിതരണം ചെയ്യാൻ കഴിയാത്ത പാൽ സിഎഫ്എൽടിസികൾ, സിഎൽടിസികൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ കൂടി വിതരണം ചെയ്യാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം നൽകിയ
വാക്സിൻ തീർന്നു
കേന്ദ്രം നൽകിയ വാക്സിൻ തീർന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വ്യാഴാഴ്ച പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കും. മാസ്ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കുറച്ചപ്പോൾ ഗുണമേന്മയുള്ള മാസ്ക്കുകൾ കിട്ടാതായതായി പരാതിയുണ്ട്. അത് കൃത്യമായി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കും.