ന്യൂഡൽഹി
ഗ്രൂപ്പുപോര് വീണ്ടും രൂക്ഷമായ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സച്ചിൻ പൈലറ്റ് അനുകൂലിയായ ഹേംറാം ചൗധുരി മന്ത്രിസ്ഥാനം കിട്ടാത്തതില് പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ പൈലറ്റ് ക്യാമ്പിലെ മറ്റൊരു എംഎൽഎയായ വേദ്പ്രകാശ് സോളങ്കിയും രാജിഭീഷണി മുഴക്കി. മന്ത്രിസഭാ അഴിച്ചുപണിക്കും പുതിയ സമിതികളുടെ രൂപീകരണത്തിനും മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറാകാത്തതിൽ പൈലറ്റ് ക്യാമ്പ് കടുത്ത രോഷത്തില്.
200 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 101 എംഎൽഎമാര്. ഒരു എംഎൽഎ രാജിവച്ചതോടെ സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയിലായി. ഗെലോട്ടിന്റെ സമീപനത്തിൽ എംഎൽഎമാർ അസ്വസ്ഥരാണെന്നും കാര്യങ്ങളിൽ മാറ്റമില്ലെങ്കില് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും സോളങ്കി പറഞ്ഞു. ഗുഡലേനി മണ്ഡലത്തിൽനിന്ന് ആറാംവട്ടം എംഎൽഎയായ ചൗധുരി സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് കൈമാറി.
കഴിഞ്ഞ ജൂലൈയിൽ സച്ചിൻ വിഭാഗം വിമത നീക്കം നടത്തി. സോളങ്കിയും ചൗധുരിയുമടക്കം 19 എംഎൽഎമാർ വിമതരായതോടെ ഗെലോട്ട് സർക്കാർ വീഴുന്ന സ്ഥിതിയായി. പ്രിയങ്ക ഗാന്ധിയും അന്തരിച്ച അഹമദ് പട്ടേലുമൊക്കെ ഇടപെട്ടാണ് സച്ചിൻ പൈലറ്റിനെ തിരിച്ചെത്തിച്ചത്. എന്നാൽ, ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷസ്ഥാനവും സച്ചിന് നഷ്ടമായി.