കുവൈറ്റ് സിറ്റി> കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായ് വിജയൻ പ്രവാസി മലയാളികളോട് മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് അയക്കണമെന്ന് അഭ്യർത്ഥിച്ചതിന്റെ ഭാഗമായി കുവൈറ്റിൽ നിന്നുള്ള ആദ്യ ഷിപ്പ്മെൻറ് 22ന് പുറപ്പെടും. നോർക്കയുടെ നേതൃത്വത്തിൽ കേരള മെഡിക്കൽ കോർപ്പറേഷനാണ് ഷിപ്പ്മെന്റ് ഏറ്റുവാങ്ങുന്നത് .
കെയർ ഫോർ കേരള എന്ന പേരിൽ നടന്നുവരുന്ന കാമ്പയിനിൽ കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖർ , വ്യക്തികൾ , മലയാളി സംഘടനകൾ എന്നിവരുടെ നേതൃത്തിലും കൂട്ടയ്മയിലുമാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്ന് , ജി.സി.സി. കോവിഡ് നോർക്ക ഗ്രൂപ്പിനുവേണ്ടി, പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ.അജിത്കുമാർ അറിയിച്ചു .
ആദ്യ ഷിപ്പ്മെൻറിൽ അത്യാവശ്യമായ ഉപകരണങ്ങളിൽ 450 ഓകിസിജൻ സിലിണ്ടറുകൾ , 100 ഓക്സിജൻ കോൺസൺട്രേറ്റുകൾ , 250 റഗുലേറ്ററുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ഇത് കൂടാതെ 500 പൾസ് ഓക്സീമീറ്ററുകൾ ഇന്ന് തിരുവനന്തപുരത്ത് നോർക്കക്ക് കൈമാറി . കുവൈറ്റ് മലയാളി സമൂഹത്തിൻ്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റി അയക്കാൻ കഴിയുമെന്നും അറിയിച്ചു.