തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാരിന്റെ യശസ്സുയർത്തി മൂന്ന് വനിതാ മന്ത്രിമാർ. കേരള മന്ത്രിസഭകളുടെ ചരിത്രത്തിൽ തന്നെ ആദ്യമാണിത്. സിപിഐ എമ്മിലെ പ്രൊഫ. ആർ ബിന്ദു, വീണ ജോർജ്, സിപിഐയിലെ ജെ ചിഞ്ചുറാണി എന്നിവരാണ് മന്ത്രിമാരാകുന്നത്.
നിലവിലുള്ള എൽഡിഎഫ് മന്ത്രിസഭയിലും രണ്ട് വനിതാ മന്ത്രിമാരുണ്ട്. ഇടതുപക്ഷമാണ് എല്ലാ കാലത്തും പുരോഗമനപരവും ധീരവുമായ തീരുമാനങ്ങളെടുത്തിട്ടുള്ളത്. 1957 ലെ ആദ്യ മന്ത്രിസഭയിൽ കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ മന്ത്രിയായി. സംസ്ഥാനത്തിന്റെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പല നിയമനിർമാണത്തിനും ഗൗരിയമ്മ നേതൃത്വം നൽകി. തുടർന്ന് 1987 വരെയുള്ള ഇടതു മന്ത്രിസഭകളിൽ ഗൗരിയമ്മ മന്ത്രിയായി.
57ൽ കെ ഒ ഐഷാ ഭായി ഡെപ്യൂട്ടി സ്പീക്കറും. 1987 ൽ സിപിഐയിലെ ഭാർഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്പീക്കറായി. 1996 ൽ സുശീലാഗോപാലൻ വ്യവസായ മന്ത്രിയായി. പാവങ്ങളുടെ പടത്തലവൻ എന്ന് ജനങ്ങൾ വിളിച്ചിരുന്ന എ കെ ജിയുടെ ഭാര്യ. പൊതുമേഖലാ വ്യവസായരംഗത്തടക്കം മുന്നേറ്റം കുറിക്കാൻ അന്ന് കഴിഞ്ഞു. 2006 ലെ മന്ത്രിസഭയിൽ പി കെ ശ്രീമതി ആരോഗ്യമന്ത്രിയായി. തകർന്നു കിടന്ന പൊതുജനാരോഗ്യ മേഖലയെ കരകയറ്റിയ ഒട്ടേറെ പ്രവർത്തനം അക്കാലത്ത് നടന്നു.
2016 ൽ സിപിഐ എം രണ്ടു വനിതകളെ മന്ത്രിമാരാക്കി ചരിത്രം കുറിച്ചു. കെ കെ ശൈലജയും ജെ മേഴ്സിക്കുട്ടിഅമ്മയും. ആരോഗ്യ, ഫിഷറീസ് വകുപ്പുകളിൽ കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ടുവരാനായി. 2001ൽ ആന്റണിയും തുടർന്ന് 2004ൽ ഉമ്മൻചാണ്ടിയും നയിച്ച യുഡിഎഫ് മന്ത്രിസഭകളിലും ഗൗരിയമ്മ മന്ത്രിയായി.