കാട്ടാക്കട
നെയ്യാർഡാം ലയൺ സഫാരി പാർക്കിലെ സിംഹം ചത്തു. കോവിഡ് ബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നു. ഗുജറാത്തിൽ നിന്ന് എത്തിച്ച 12 വയസ്സുള്ള നാഗരാജൻ എന്ന സിംഹമാണ് ചത്തത്. ചൊവ്വാഴ്ച രാവിലെ പാർക്കിലെ സുരക്ഷാ വേലിക്ക് സമീപമാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
2019 സെപ്തംബറിൽ ഗുജറാത്തിൽ സക്കാർബാഗ് മൃഗശാലയിൽനിന്നാണ് നാഗരാജനെയും രാധ എന്ന പെൺസിംഹത്തെയും തലസ്ഥാനത്ത് എത്തിച്ചത്. രാധ തിരുവനന്തപുരം മൃഗശാലയിൽ വച്ചു തന്നെ ചത്തു. തുടർന്ന് നാഗരാജനെ നെയ്യാറിലെത്തിച്ച് കുറച്ചു ദിവസം നിരീക്ഷണത്തിനും പരിചരിക്കുന്നവരുമായി ഇണങ്ങാനും വേണ്ടി പ്രത്യേക കൂട്ടിൽ പാർപ്പിച്ച ശേഷം പാർക്കിനുള്ളിൽ വിടുകയായിരുന്നു.
കോവിഡ് ബാധയാണോ എന്ന സംശയമുള്ളതിനാൽ ഡോക്ടർമാരും വനം വകുപ്പ് ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചാണ് പോസ്റ്റ്മോർട്ടവും സംസ്കാരവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. കോവിഡ് ടെസ്റ്റിന്റെയും പോസ്റ്റ്മോർട്ടത്തിന്റെയും ഫലം ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് റേഞ്ച് ഓഫീസർ സന്ദീപ് പറഞ്ഞു.