കാസർകോട്
ഓൺലൈൻ ക്ലാസിനിടെ കേന്ദ്ര സർക്കാരിനെ പ്രോട്ടോ ഫാസിസ്റ്റ് എന്നുപറഞ്ഞെന്ന് ആരോപിച്ച് കേന്ദ്ര സർവകലാശാല–-കേരള അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ അസി. പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യന് എതിരെയാണ് നടപടി.
ലോകത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനിടെ നരേന്ദ്ര മോഡിയുടെ ഭരണത്തെ പരാമർശിച്ചെന്ന് ആരോപിച്ച് എബിവിപിയാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ കേന്ദ്ര മന്ത്രാലയം വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലുവിനോട് നിർദേശിച്ചു. നടപടിയെടുക്കാനുള്ള കുറ്റകൃത്യം അധ്യാപകനിൽനിന്ന് ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്. ഇത് സംഘപരിവാരത്തെ പ്രകോപിപ്പിച്ചിരുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷണൽ മോണിറ്ററിങ് കമ്മിറ്റി ഓൺ എഡ്യൂക്കേഷൻ അംഗം എ വിനോദ് കരുവാരക്കുണ്ട് യുജിസി ചെയർമാനും കേന്ദ്ര സർവകലാശാലാ വിസിക്കും കത്തുനൽകിയാണ് ഇപ്പോൾ നടപടിയെടുപ്പിച്ചത്. മോഡിസർക്കാരിനെ വിമർശിച്ച അധ്യാപകൻ സർവകലാശാലയ്ക്ക് ചേർന്നയാളല്ലെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. അധ്യാപകന് ഇടതുതീവ്രവാദികളുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. കേന്ദ്ര സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസാണ് അതത് വകുപ്പിലെ അക്കാദമിക് ഉള്ളടക്കം തീരുമാനിക്കുന്നത്. അതിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകുകയാണ് പതിവ്. അതനുസരിച്ചാണ് ഗിൽബർട്ട് സെബാസ്റ്റ്യൻ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കു മുന്നിൽ ഫാസിസത്തിന്റെ വ്യത്യസ്ത വീക്ഷണം അവതരിപ്പിച്ചത്.
രാജ്യത്തെ പ്രമുഖരായ അമ്പതോളം അധ്യാപകർ ഗിൽബർട്ട് സെബാസ്റ്റ്യനെ പിന്തുണച്ച് രംഗത്തെത്തി. ജെഎൻയുവിലെ പഠനരീതിയിൽ മാറ്റം വരുത്തുന്നതിന് അധ്യാപകരുടെ സ്വതന്ത്ര വീക്ഷണാവകാശം കേന്ദ്രസർക്കാർ മുമ്പ് എടുത്തുകളഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് കേന്ദ്ര സർവകലാശാലയിലെ നടപടി.