പത്തനംതിട്ട
കനറാ ബാങ്ക് പണം തട്ടിപ്പ് കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പത്തനംതിട്ട അബാൻ ജങ്ഷനിലുള്ള ബാങ്ക് ശാഖയിൽ പ്രതി വിജീഷ് വർഗീസി(36) നെ തെളിവെടുപ്പിന് കൊണ്ടുവന്നു. ഡിവൈഎസ്പി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറോളം ബാങ്കിനുള്ളിൽ തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ബാങ്കിലെ കംപ്യൂട്ടറുകളിൽ ക്രമക്കേടുകൾ നടത്തിയത് സംബന്ധിച്ച് പ്രതി പൊലീസിന് കാട്ടികൊടുത്തു. യാതൊരു കൂസലും കൂടാതെയാണ് പ്രതി ഓരോന്നും വിവരിച്ചത്. ബർമുഡയും ടീ ഷർട്ടുമായിരുന്നു വേഷം. ഒറ്റക്കാണ് ക്രക്കേടുകൾ നടത്തിയതെന്ന് പ്രതി പറഞ്ഞു. എന്നാൽ ഇത്രയും വലിയ തുകയുടെ തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കംപ്യുട്ടറുകൾ ലോഗ്ഔട്ട് ചെയ്യാത്ത സമയങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. വനിതാജീവനക്കാർ ഉപയോഗിച്ച കംപ്യുട്ടറുകളാണ് തിരിമറിക്കായി കൂടുതലും ഉപയോഗിച്ചത്. മറ്റ് ജീവനക്കാരുടെ വീഴ്ചയും പരിശോധിക്കും.
ജീവനക്കാർക്ക് ഒരേ ചുമതലകൾ സ്ഥിരമായി നൽകാറില്ല. സീറ്റുകൾ ഇടക്കിടെ മാറാറുണ്ട്. എന്നാൽ ഇതെല്ലാം ഇവിടെ ലംഘിച്ചിട്ടുണ്ട്. ഇയാളെ മറ്റ് സെക്ഷനുകളിലേക്ക് മാറ്റാതെ തുടർച്ചയായി മൂന്ന് മാസം വരെ ഒരു സീറ്റിൽ തുടരാൻ അനുവദിച്ചതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. സ്ഥിര നിക്ഷേപങ്ങൾ കൈാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു. ഓൺെലെൻ റമ്മിയിലും ഓഹരിവിപണിയിലും ഇയാൾക്ക് കമ്പമുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്നും ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ചയാണ് പത്തനംതിട്ടയിൽ എത്തിച്ചത്. അതേ സമയം കുറ്റം സമ്മതിച്ചെങ്കിലും പണം എവിടേക്ക് മാറ്റിയെന്നത് സംബന്ധിച്ച് വിജീഷ് പൊലീസിനോട് വ്യക്തമായി പറഞ്ഞിട്ടില്ല. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിലും വിവരങ്ങൾ ഒന്നും ഇയാൾ തുറന്ന്പറഞ്ഞിട്ടില്ല. വൻ സാമ്പത്തിക തട്ടിപ്പായതിനാൽ പൊലീസിനൊപ്പം തിരുവല്ല ക്രൈം ബ്രാഞ്ച് യൂണിറ്റും കേസന്വേഷണത്തിന്റെ ഭാഗമാകും. കഴിഞ്ഞ ഫെബ്രുവരി 14ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് അറസ്റ്റ്.