മെൽബൺ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പന്തുചുരണ്ടൽ വിവാദത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഓസ്ട്രേലിയൻ ബൗളർമാർ. ‘സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല. സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്’–- ബൗളർമാർ അറിയിച്ചു. മത്സരത്തിൽ ഓസീസിനായി പന്തെറിഞ്ഞ പാറ്റ് കമ്മിൻസ്, ജോഷ് ഹാസെൽവുഡ്, മിച്ചെൽ സ്റ്റാർക്, നതാൻ ല്യോൺ എന്നിവരാണ് സംയുക്തപ്രസ്താവനുമായി രംഗത്തുവന്നത്.
പന്തുചുരണ്ടലിൽ കുറ്റക്കാരനായി കണ്ടെത്തിയ ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലാണ് മൂന്നുവർഷംമുമ്പുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. ‘തെറ്റാണ് ചെയ്തത്. പന്ത് ചുരണ്ടിയത് ബൗളർമാർക്ക് മുൻതൂക്കം കിട്ടാനാണ്. അതിനാൽത്തന്നെ അവർക്ക് ഇതറിയാം. സ്വയം വിശദീകരിക്കേണ്ടതാണ് അത്’– ഇതായിരുന്നു -ബാൻക്രോഫ്റ്റ് കഴിഞ്ഞദിവസം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ബാൻക്രോഫ്റ്റിനോട് വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കുറ്റാരോപണം നുണയാണെന്ന് ഓസീസ് ബൗളർമാർ പ്രതികരിച്ചത്. ‘പഴയ കളിക്കാരനും മാധ്യമപ്രവർത്തകരും ചേർന്ന് രാജ്യത്തോടും ഈ കളിയോടുമുള്ള ഞങ്ങളുടെ കൂറിനെ ചോദ്യം ചെയ്യുന്നു. അംഗീകരിക്കാനാകില്ല ഇത്. ഒരിക്കലും അറിവുള്ള കാര്യമായിരുന്നില്ല അന്നത്തെ മത്സരത്തിൽ സംഭവിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’–- ബൗളർമാർ പറഞ്ഞു.
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാംടെസ്റ്റിലാണ് വിവാദമായ പന്തുചുരണ്ടൽ ഉണ്ടായത്. കേപ്ടൗൺ വേദിയായ ടെസ്റ്റിന്റെ മൂന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോൾ ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നത് ക്യാമറയിൽ പതിഞ്ഞു. പാന്റ്സിൽ ഒളിപ്പിച്ച മഞ്ഞ സാൻഡ് പേപ്പർകൊണ്ടായിരുന്നു പന്ത് ചുരണ്ടിയത്. അമ്പയർ ചോദിച്ചപ്പോൾ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തും ബാൻക്രോഫ്റ്റും കള്ളം പറഞ്ഞു. എന്നാൽ, ഏറെ വൈകാതെ പിടിക്കുകയായിരുന്നു. സംഭവത്തിൽ സ്മിത്തിനും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുവർഷം വിലക്കേർപ്പെടുത്തി. ബാൻക്രോഫ്റ്റിന് ഒമ്പതുമാസമായിരുന്നു വിലക്ക്. വിവാദത്തിനുപിന്നാലെ പരിശീലകൻ ഡാരെൻ ലീമാൻ രാജിവച്ചു. മറ്റൊരു കളിക്കാരനും ഇക്കാര്യം അറിയില്ലെന്നായിരുന്നു ഓസ്ട്രേലിയൻ സമിതി കണ്ടെത്തിയത്.