കോവിഡ് കേരളത്തിലെ കളിക്കളങ്ങളെ നിശ്ചലമാക്കി. മൈതാനങ്ങൾ ഉറങ്ങിത്തന്നെ. കളിക്കാർ കളിയും പരിശീലനവുമില്ലാതെ നിരാശയിലാണ്. കളിക്കാർക്കും കായികതാരങ്ങൾക്കും കോവിഡ് കാലത്തെ അനുഭവങ്ങൾ പറയാനുണ്ട്. ആദ്യം കേരളത്തിന്റെ രാജ്യാന്തര അത്ലീറ്റ് ജിൻസൺ ജോൺസൺ
-ഞാനിപ്പോൾ ഊട്ടിയിലാണ്. ടോക്യോ ഒളിമ്പിക്സാണ് മനസ്സിൽ. പക്ഷേ, പ്രതീക്ഷയ്ക്കൊത്ത് ശരീരം പാകപ്പെട്ടില്ല. കോവിഡ് മുക്തനായശേഷം പരിശീലനം പൂർണതോതിൽ തുടങ്ങാനായിട്ടില്ല. അതിന്റെ നിരാശയും സങ്കടവുമുണ്ട്. പക്ഷേ, നമ്മൾ യാഥാർഥ്യവുമായി പൊരുത്തപ്പെടേണ്ടേ. പരമാവധി ശ്രമിക്കുക. അതാണിപ്പോൾ മനസ്സിലുള്ളത്.
കുറച്ചുകാലമായി ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലായിരുന്നു. ബംഗളൂരുവിലായിരുന്നു ക്യാമ്പ്. പരിശീലനത്തിൽ മികവുകാട്ടാനായി. 2019ൽ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികെയെത്തി. 1500 മീറ്ററിൽ 3:35. 24 സെക്കൻഡിൽ ദേശീയ റെക്കോഡ്. ഒളിമ്പിക്സ് യോഗ്യത 3:35.00 ആണെന്നോർക്കണം. യോഗ്യത നേടാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, കോവിഡ് എല്ലാം തകിടം മറിച്ചു. ഒന്നാംതരംഗത്തിൽ കോവിഡ് പിടിപെടാതെ രക്ഷപ്പെട്ടു. കഴിഞ്ഞ സെപ്തംബറിൽ വിവാഹം കഴിഞ്ഞു. പുതിയ വർഷം നല്ല പ്രതീക്ഷയിലായിരുന്നു.
പക്ഷേ, ഏപ്രിൽ ക്രൂരമാസമായി. ക്യാമ്പിലെ രണ്ടുമൂന്നുപേർ പോസിറ്റീവായതിനാൽ എല്ലാവരെയും പരിശോധിച്ചു. റിസൽറ്റ് വരാൻ 48 മണിക്കൂർ വേണ്ടിയിരുന്നു. അപ്പോഴേക്കും പനി തുടങ്ങി. തലവേദനയും നടുവേദനയും അടക്കമുള്ള എല്ലാ ലക്ഷണങ്ങളും. ഫലം പോസിറ്റീവ് തന്നെ. പിന്നെ 15 ദിവസത്തോളം ക്വാറന്റൈൻ. നെഗറ്റീവായ ഉടൻ പരിശീലനം ഊട്ടിയിലേക്ക് മാറ്റി. ഏപ്രിൽ അവസാനവാരമാണ് ഊട്ടിയിലെത്തിയത്.
പരിശീലനം തുടങ്ങിയപ്പോഴാണ് കോവിഡുണ്ടാക്കിയ പരിക്ക് മനസ്സിലാകുന്നത്. കഠിന പരിശീലനത്തിന് പറ്റുന്നേയില്ല. ചിലസമയത്ത് ക്ഷീണവും ശ്വാസതടസ്സവുമുണ്ട്. ശരീരത്തിന് ബുദ്ധിമുട്ടുണ്ടാകുന്നരീതിയിൽ പരിശീലനം വേണ്ടെന്നാണ് ഉപദേശം. അതിനാൽ പൂർണ പരിശീലനത്തിന് ഇനിയും സമയമെടുക്കും.
ഒളിമ്പിക്സിന് രണ്ട് മാസമേയുള്ളു. ജൂണിൽ ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പും ഗ്രാൻപ്രീകളും യോഗ്യത നേടാനുള്ള അവസരങ്ങളാണ്. അപ്പോഴേക്കും ശാരീരിക ക്ഷമത സാധ്യമാകുമോയെന്നറിയില്ല. ഒളിമ്പിക്സ് സാധ്യമായില്ലെങ്കിൽ പിന്നാലെ ഏഷ്യൻ ഗെയിംസുണ്ട്. അതിന് ഒരുങ്ങാല്ലോ.