തിരുവനന്തപുരം
ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപാധികളില്ലാതെ സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ അധ്യയന വർഷത്തെ ഡിജിറ്റൽ ക്ലാസുകളിൽ കുട്ടികൾക്ക് നൽകിയ വർക്ഷീറ്റുകളിലെ സ്കോർ പരിഗണിച്ച് സ്ഥാനക്കയറ്റത്തിനായിരുന്നു തീരുമാനം.
എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാർഥികളിൽനിന്ന് ഇത് പൂർണമായും ശേഖരിക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ് സ്ഥാനക്കയറ്റം പരിഗണിക്കുന്നത്. ലോക്ഡൗൺ നീക്കിയ ശേഷം ഇതുസംബന്ധിച്ച പ്രവർത്തനം പൂർത്തിയാക്കും.
മുൻവർഷത്തെ ഡിജിറ്റൽ ക്ലാസുകളുടെ വിജയവും അത് രാജ്യത്തിനകത്തും പുറത്തും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ പ്രശസ്തിയും കണക്കിലെടുത്ത് കൂടുതൽ മാറ്റങ്ങളോടെയാകും ഇത്തവണ അവതരിപ്പിക്കുക. ഇതിനായി കൈറ്റ് വിശദ പദ്ധതി തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.
രണ്ടാം വർഷവും ഡിജിറ്റലായി അധ്യയനം തുടങ്ങുമ്പോഴുള്ള വിദ്യാർഥികളിലെ മാനസികവും അക്കാദമികവുമായ പ്രശ്നം പരിഹരിക്കുന്ന ക്ലാസിനായിരിക്കും തുടക്കത്തിൽ പ്രാധാന്യം.