തിരുവനന്തപുരം
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിയമസഭാ കക്ഷി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെ കോൺഗ്രസ് ഗ്രൂപ്പ് ക്യാമ്പുകളിൽ തിരക്കിട്ട നീക്കം. രമേശ് ചെന്നിത്തല തുടരുമോ അതല്ല, വി ഡി സതീശനെ മാറ്റി പ്രതിഷ്ഠിക്കുമോയെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. എംഎൽഎമാരുടെ നിലപാട് അറിയുന്നതിന് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി വൈത്തിലിംഗവും എത്തുമെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 11ന് കെപിസിസി ആസ്ഥാനത്താണ് എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച.
എംഎൽഎമാരെ ഹൈക്കമാൻഡ് പ്രതിനിധികൾ ഒറ്റയ്ക്ക് കാണാനാണ് സാധ്യത. എംഎൽഎമാരുടെ മനസ്സിലിരിപ്പ് എന്തായാലും തീരുമാനം ഹൈക്കമാൻഡിന്റേതാകും. എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരുടെ നിർദേശത്തിനായിരിക്കും മുൻതൂക്കം. ഇതെല്ലാം കണക്കിലെടുത്താൽ തീരുമാനം നീളാനാണ് സാധ്യത.
എംഎൽഎമാരിൽ ഐ ഗ്രൂപ്പിനാണ് മേൽക്കൈ. രമേശ് ചെന്നിത്തലയും വി ഡി സതീശനും ഐ ഗ്രൂപ്പുകാരാണ്. ഐ ഗ്രൂപ്പുകാരായ എംഎൽഎമാരിൽ കൂടുതൽ പേർ ആരെ പിന്തുണയ്ക്കുമെന്നാണ് എ ഗ്രൂപ്പ് നോക്കുന്നത്. രമേശ് ചെന്നിത്തല തുടരട്ടെയെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി. ഐ ഗ്രൂപ്പിൽ ചേരിതിരിവ് രൂക്ഷമായാൽ എ ഗ്രൂപ്പിന്റെ പിന്തുണയോടെ നേതൃപദവിയിൽ തുടരാമെന്നാണ് ചെന്നിത്തലയുടെ വിശ്വാസം. അതേസമയം കെ സി വേണുഗോപാലിന്റെ ഇടപെടലുണ്ടായാൽ വി ഡി സതീശന് നറുക്ക് വീഴും.