തിരുവനന്തപുരം
ഇതരസംസ്ഥാന ഭാഗ്യക്കുറികൾക്കെതിരായ ഹൈക്കോടതിയിലെ നിയമയുദ്ധത്തിൽ സർക്കാർ ജയിച്ചത് നിർണായക നേട്ടമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 2004ലെ യുഡിഎഫ് സർക്കാരിന്റെ തെറ്റായ നീക്കമാണ് ഈ നിയമയുദ്ധമെല്ലാം വരുത്തിവച്ചത്.
ലോട്ടറി മാഫിയാ സംഘത്തെ നിയന്ത്രിക്കാൻ കേരള ലോട്ടറി നിയന്ത്രണ നിയമത്തിൽ ഉണ്ടായിരുന്ന വ്യവസ്ഥ അനാവശ്യമായി റദ്ദു ചെയ്തു. പിന്നീട് എൽഡിഎഫ് സർക്കാർ ആരംഭിച്ച ദീർഘമായ നിയമയുദ്ധത്തിൽ അനുകൂലവും പ്രതികൂലവുമായും വിധികളുണ്ടായി. കേന്ദ്രസർക്കാരിന് മാത്രമെ, ഇതര സംസ്ഥാന ലോട്ടറി നിരോധിക്കാനോ നിയന്ത്രിക്കാനോ അധികാരമുള്ളുവെന്ന തരത്തിൽ തീർപ്പുകളുമുണ്ടായി. ഇതിനെതിരായ അപ്പീലുകളും, കേന്ദ്ര സർക്കാരിനെ നിയമലംഘനം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങളും സംസ്ഥാനം തുടർന്നു. തുടർന്ന് സിക്കിം, ഭൂട്ടാൻ ലോട്ടറികൾക്കടക്കം വിലക്കായി. എങ്കിലും മാഫിയ പിന്മാറിയില്ല. ലോട്ടറി നറുക്കെടുപ്പിൻമേൽ നികുതി ഈടാക്കുന്ന സംസ്ഥാന നിയമത്തിന്റെ പേരിൽ കേരളത്തിനെതിരെ നീക്കം തുടർന്നു. ജിഎസ്ടി വന്നതോടെ ആ നിയമവും ഇല്ലാതായി. ജിഎസ്ടി കൗൺസിലിൽ സംസ്ഥാനത്തിന്റെ വലിയ പോരാട്ടത്തിനൊടുവിൽ,
സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനം, മറ്റു ലോട്ടറികൾക്ക് 28 ശതമാനം നികുതി നിരക്ക് ഉറപ്പിച്ചു. ഇരട്ട നിരക്ക് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി കോടതിയെ സമീപിച്ചെങ്കിലും വാദം തള്ളി. ജിഎസ്ടി കൗൺസിലും സമ്മർദ്ദം ചെലുത്തിയെങ്കിലും 28 ശതമാനം നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കായി.
ഇതിനിടെ മാഫിയ കേരളത്തിൽ ടിക്കറ്റ് വിൽപ്പന തുടങ്ങാൻ ശ്രമിച്ചു. ജിഎസ്ടി നിയമവും ചട്ടവും ഉപയോഗിച്ച് നിയമ ലംഘകരെ അറസ്റ്റു ചെയ്തു. 2004ൽ റദ്ദുചെയ്ത ലോട്ടറി ചട്ടങ്ങളിലെ വ്യവസ്ഥ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. 2018ൽ ചട്ടങ്ങൾ കൊണ്ടുവന്നു. ഈ നിയമപോരാട്ടമാണ് ഇപ്പോൾ വിജയത്തിലെത്തിയതെന്ന് ധനമന്ത്രി പറഞ്ഞു.