തിരുവനന്തപുരം
അടച്ചുപൂട്ടൽ പത്ത് ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്തെ കോവിഡ് നിരക്ക് താഴേക്ക്. എട്ടിന് ആരംഭിച്ച ലോക്ഡൗൺ നിലവിൽ നാല് ജില്ലയിൽ മുപ്പൂട്ടുമായി തുടരുകയാണ്. അടച്ചുപൂട്ടൽ ആരംഭിച്ച് അഞ്ച് ദിവസം കഴിഞ്ഞാണ് രോഗനിരക്കിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയത്.
ഇരുപത്തിമൂന്നോടെ ഇത് വീണ്ടും കുറയുമെന്നും സംസ്ഥാനത്തെ അടച്ചുപൂട്ടൽ ഫലപ്രാപ്തി നേടുമെന്നുമാണ് വിദഗ്ധാഭിപ്രായം. 30 ശതമാനത്തോളം എത്തിയ രോഗസ്ഥിരീകരണ നിരക്ക് തിങ്കളാഴ്ച 24 ശതമാനത്തിലെത്തി.
മെയ് ഒന്നുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ ശരാശരി 37,144 രോഗികളാണുണ്ടായിരുന്നത്. എന്നാൽ, അടച്ചുപൂട്ടൽ തുടങ്ങിയതിനുശേഷമുള്ള ആഴ്ചയിൽ അത് 35,919 ആയി കുറഞ്ഞു. അടച്ചുപൂട്ടൽ അവസാനത്തോടെ രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിൽ താഴെയെങ്കിലും എത്തിയേക്കും.
രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്ന് കേരളം
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്റെ ഉയർന്ന നിരക്കുകൾ കടന്നെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗസ്ഥിരീകരണ നിരക്ക് കുറയുന്നത് ആശ്വാസകരമാണ്. പൊതുജനങ്ങൾ അടച്ചുപൂട്ടലിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ രോഗവ്യാപനത്തിൽ ശുഭസൂചനകളുമുണ്ട്.
അടച്ചുപൂട്ടൽ ആരംഭിച്ച ശേഷം എട്ട് ജില്ലയിൽ 10 മുതൽ 30 ശതമാനംവരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നുണ്ട്. കൊല്ലത്ത് 23 ശതമാനം വർധനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിന് മുമ്പ് നടപ്പിലാക്കിയ വാരാന്ത്യനിയന്ത്രണങ്ങളുടെയും രാത്രി കർഫ്യൂവിന്റെയും ഫലമാണിത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന രോഗം ആ ദിവസത്തിന് ഒന്നുമുതൽ ഒന്നര ആഴ്ചവരെ മുമ്പ് ബാധിച്ചതാണ്. അതിനാൽ അടച്ചുപൂട്ടൽ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിലേ അറിയാനാകൂ.
ജനങ്ങൾ കാണിച്ച കർശനമായ ജാഗ്രത തുടർദിവസങ്ങളിലും തുടരണം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിൽ മുപ്പൂട്ട് നടപ്പാക്കി. കുറച്ച് ജനങ്ങൾ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. കോവിഡ് ബാധിതരും ഒന്നാംതല സമ്പർക്കത്തിലുള്ളവരും വീട്ടിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ മോട്ടോർസൈക്കിൾ പട്രോളിങ്ങിലൂടെ നിരന്തര നിരീക്ഷണം നടത്തുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.