തിരുവനന്തപുരം
സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലമുള്ള മഴയ്ക്ക് ശമനമുണ്ടായെങ്കിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ചൊവ്വാഴ്ച അർധരാത്രി വരെ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. മീൻപിടിത്തത്തിനുള്ള നിരോധനം തുടരും.
7 മരണം; വ്യാപകനാശം
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏഴുപേർ മരിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ടുപേർ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.
14,444.9 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 310.3 കിലോമീറ്റർ എൽഎസ്ജിഡി റോഡ് തകർന്നു. 34 അങ്കണവാടി, 10 സ്കൂൾ, 11 പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയ്ക്കും നാശനഷ്ടമുണ്ട്. 1464 വീട് ഭാഗികമായും 68 വീട് പൂർണമായും തകർന്നു. 175 ദുരിതാശ്വാസ ക്യാമ്പിലായി 1479 കുടുംബങ്ങളിൽപ്പെട്ട 5235 പേരുണ്ട്. കൂടുതൽ പേർ എറണാകുളത്തും തിരുവനന്തപുരത്തുമാണ്. യഥാക്രമം- 1427ഉം 1180ഉം.