സൗത്ത് പറവൂർ
ദുരിതാശ്വാസക്യാമ്പിൽ മരിച്ച വയോധികന്റെ മരണാനന്തരചടങ്ങുകൾക്ക് വേദിയായത് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം. സൗത്ത് പറവൂർ പിഎംയുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഞായറാഴ്ച രാത്രി മരിച്ച റിട്ട. പോസ്റ്റുമാൻ കോഴിക്കരി കറുകശേരിയിൽ സി കെ മോഹനന്റെ മരണാനന്തരചടങ്ങുകളാണ് സിപിഐ എം സൗത്ത് പറവൂർ ലോക്കൽ കമ്മിറ്റി ഓഫീസായ എം ആർ വിദ്യാധരൻ സ്മാരക മന്ദിരത്തിൽ നടത്തിയത്.
കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ മോഹനന്റേതുൾപ്പെടെ 16 വീടുകൾ വെള്ളപ്പൊക്കഭീഷണിയിലായി. ഇതിൽ 13 കുടുംബങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിഎംയുപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. ക്യാമ്പിൽവച്ച് രാത്രിയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോഹനനും കുടുംബവും താമസിച്ചിരുന്ന വീടും പരിസരവും പൂർണമായി വെള്ളക്കെട്ടിലായതോടെ വീട്ടിൽ അന്ത്യകർമങ്ങൾ നടത്താനുള്ള അസൗകര്യം മോഹനന്റെ ബന്ധുക്കൾ പാർടി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പാർടി ഓഫീസ് ഹാൾ മോഹനന്റെ അന്ത്യകർമങ്ങൾ നടത്താൻ വിട്ടുനൽകിയതെന്ന് ലോക്കൽ സെക്രട്ടറി പി കെ ബാബു പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ആശുപത്രിയിൽനിന്ന് പാർടി ഓഫീസിൽ എത്തിച്ച മൃതദേഹം, കർമങ്ങൾക്കുശേഷം അഞ്ചിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മോഹനന്റെ സംസ്കാരം അടക്കമുള്ള ചടങ്ങുകളുടെ മുഴുവൻ ചെലവും ഏറ്റെടുത്ത് പ്രസിഡന്റ് സജിത മുരളിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്ത് ഭരണസമിതിയും ഒപ്പമുണ്ടായി.