തേഞ്ഞിപ്പലം
ഹരികുമാറിന് കലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലഭിച്ചതോടെ പിറന്നത് പുതുചരിത്രം. സർവകലാശാലാ പഠനവിഭാഗത്തിൽ അധ്യാപകനാകുന്ന ആദ്യ പട്ടികവർഗക്കാരനാണ് കാസർകോട് തായന്നൂരിലെ സി ഹരികുമാർ (30). തിങ്കളാഴ്ച ഓൺലൈനിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇദ്ദേഹമുൾപ്പെട്ട റാങ്ക് പട്ടിക അംഗീകരിച്ചു. കൊമേഴ്സ് പഠനവിഭാഗത്തിലാണ് നിയമനം. നിലവിൽ കലിക്കറ്റിൽ ഗവേഷണ വിദ്യാർഥിയാണ്. നിയമനം ലഭിക്കുമെന്നറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഹരികുമാർ പ്രതികരിച്ചു.
ഉരുളിക്കുണ്ടിൽ കുഞ്ഞിരാമന്റെയും അങ്കണവാടി വർക്കർ രാധയുടെയും മകനാണ്. വിദ്യാർഥികളായ ഹരിശ്രീയും ധനശ്രീയും സഹോദരങ്ങളാണ്. പഠനവകുപ്പുകൾ ഒറ്റ യൂണിറ്റായെടുത്ത് നിയമനം നടക്കുന്നതിനാലാണ് പട്ടികവർഗക്കാരുൾപ്പെടെയുള്ളവർക്ക് അവസരം ലഭിക്കുന്നത്.