മാഡ്രിഡ്
ലൂയിസ് സുവാരസിനോട് അത്ലറ്റികോ മാഡ്രിഡിന് കടപ്പാട്. സ്പാനിഷ് ലീഗ് കിരീടം ഒരുഘട്ടത്തിൽ അകന്നുപോയ നിമിഷത്തിൽ സുവാരസ് അത്ലറ്റികോയെ കൈപിടിച്ചുയർത്തി. നാടകീയത നിറഞ്ഞ കളിയിൽ ഒസാസുനയെ 2–-1ന് കീഴടക്കിയാണ് അത്ലറ്റികോ കിരീടത്തിലേക്ക് അടുത്തത്.
ഒരു കളിമാത്രം ശേഷിക്കെ ലീഗിൽ അത്ലറ്റികോയ്ക്ക് 83 പോയിന്റ്. അത്ലറ്റികോ ബിൽബാവോയെ ഒരു ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ് 81 പോയിന്റ് രണ്ടാമത്. സെൽറ്റ വിഗോയോട് 1–-2ന് തോറ്റ ബാഴ്സലോണ കിരീടപ്പോരിൽനിന്ന് പുറത്തായി.
ലീഗിൽ അത്ലറ്റികോയ്ക്കും റയലിനും നെഞ്ചിടിപ്പിന്റെ രാത്രിയായിരുന്നു. ഒസാസുനയ്ക്കെതിരെ 88–-ാം മിനിറ്റുവരെ അത്ലറ്റികോ ഭയത്തിന്റെ കൂടാരത്തിലായിരുന്നു. എന്നാൽ സുവാരസിന്റെ ലക്ഷ്യം തെറ്റാത്ത മനസ്സ് അത്ലറ്റികോയുടെയും പരിശീലകൻ ദ്യേഗോ സിമിയോണിയുടെയും ഹൃദയം നിറച്ചു.
അത്ലറ്റികോയുടെ നെഞ്ചിൽ തീ കോരിയിട്ട് ഒസാസുനയാണ് ലീഡ് നേടിയത്. 75–-ാം മിനിറ്റിൽ ആന്റി ബുധിമിറിന്റെ ഹെഡറിലായിരുന്നു ഒസാസുനയുടെ ലീഡ്. ഈ സമയം ബിൽബാവോയ്ക്കെതിരെ റയൽ നാച്ചോയുടെ ഗോളിൽ മുന്നിൽ. താൽക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ റയൽ മുന്നിൽ.
അത്ലറ്റികോ വിറച്ചു, പക്ഷേ, വിട്ടുകൊടുത്തില്ല. അവസാന പത്ത് മിനിറ്റിൽ അത്ലറ്റികോ ഇരമ്പിയാർത്തു. 82–-ാം മിനിറ്റിൽ സമനില ഗോൾ. റെനാൻ ലോധിയുടെ തകർപ്പൻ ഗോൾ. ആറ് മിനിറ്റ് തികയുംമുമ്പ് സുവാരസ് അവതരിച്ചു. യാന്നിക് കറാസ്കോയുടെ ക്രോസിൽ സുവാരസ് പറന്നിറങ്ങി. അത്ലറ്റികോ ആകാശം തൊട്ടു.
അവസാനദിനത്തിൽ റയൽ വല്ലാഡോളിഡ് ആണ് അത്ലറ്റികോയുടെ എതിരാളികൾ. റയൽ അന്ന് വിയ്യാറയലിനെ നേരിടും. ജയിച്ചാൽ അത്ലറ്റികോ ചാമ്പ്യൻമാർ. മറിച്ചായാൽ റയലിന്റെ ഫലം കാര്യങ്ങൾ നിർണയിക്കും. അതേസമയം, കിരീടപ്പോരിൽ അവസാനഘട്ടംവരെയുണ്ടായ ബാഴ്സ, സ്വന്തം തട്ടകത്തിൽ തോറ്റ് നേരിയ പ്രതീക്ഷയും അവസാനിപ്പിച്ചു. സെൽറ്റയ്ക്കെതിരെ ലീഡ് നേടിയശേഷം വീണു. ലയണൽ മെസിയുടെ ഗോളിൽ മുന്നിലെത്തിയ ബാഴ്സ സാന്റി മിനയുടെ ഇരട്ടഗോൾ മികവിലാണ് തകർന്നത്. ബാഴ്സ പ്രതിരോധക്കാരൻ ക്ലമന്റ് ലാങ്ലെറ്റ് ചുവപ്പുകാർഡ് വാങ്ങി പുറത്തായി.