ഐക്യരാഷ്ട്ര സഭാകേന്ദ്രം
ഗാസയില് ഇസ്രയേലിന്റെ ചോരക്കളിക്ക് ഒരാഴ്ച പിന്നിടുമ്പോഴും കടന്നുകയറ്റത്തെ അപലപിച്ച് ഒറ്റവരി പ്രസ്താവനപോലും ഇറക്കാനാകാതെ യുഎന് രക്ഷാസമിതി.
ഇസ്രയേല് നടപടിയെ അപലപിച്ചും മേഖലയില് വെടിനിര്ത്തല് ആവശ്യപ്പെട്ടും സംയുക്തപ്രസ്താവന ഇറക്കാന് അമേരിക്കയുടെ എതിര്പ്പുമൂലം സാധിച്ചില്ല. ഇസ്രയേലിന്റെ ഉറ്റപങ്കാളിയായ അമേരിക്ക ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാംവട്ടമാണ് വിഷയത്തില് രക്ഷാസമിതി ഇടപെടല് തടയുന്നത്. ഗാസയില് കുട്ടികളുടെ കൂട്ടക്കരച്ചില് ഉയരുന്നതിനിടെ ഓണ്ലൈനായി ചേര്ന്ന രക്ഷാസമിതി യോഗം കാര്യമായ ഒരു തീരുമാനവും എടുക്കാനാകാതെ പിരിഞ്ഞു.
ഹമാസും ഇസ്രയേല്സേനയും തമ്മില് അടയന്തരവെടിനിര്ത്തല് ആവശ്യപ്പെടുന്ന സംയുക്തപ്രസ്താവനപോലും സമിതിയിലെ സ്ഥിരാംഗമായ അമേരിക്കയുടെ എതിര്പ്പുമൂലം സാധിച്ചില്ല. വെടിനിര്ത്തലിന് അഭ്യര്ഥിച്ച് പ്രസ്താവന ഇറക്കുന്നതില് അഭിപ്രായഐക്യം ഉണ്ടാക്കാന് ചൈന, ടുനീഷ്യ, നോര്വെ എന്നീ രാജ്യങ്ങള് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്കേണ്ടത് അനിവാര്യമെന്ന് ചൈന ചൂണ്ടിക്കാട്ടി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മേഖലയാകെ കടുത്ത സുരക്ഷാ–- മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി. യുഎന്നിന്റെ നിസ്സംഗത ഇസ്രയേലിനുള്ള കൈയടിയാണെന്ന് ഇറാൻ തുറന്നടിച്ചു.
ബൈഡനെതിരെ
പ്രതിഷേധം
ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഡെമോക്രാറ്റിക് പാർടിക്കുള്ളിൽ വിമർശം ശക്തമാണ്. അമേരിക്കൻ പിന്തുണയോടെയാണ് ഇസ്രയേൽ നിരപരാധികളെ കൊല്ലുന്നതെന്ന് ഡെമോക്രാറ്റ് സെനറ്റർമാർ പരസ്യമായി വെളിപ്പെടുത്തി.
യുദ്ധക്കുറ്റം: പലസ്തീന്
ഉറങ്ങിക്കിടക്കുന്ന കുട്ടികളെപ്പോലും കൊല്ലുന്ന ഇസ്രയേല് നടപടി യുദ്ധക്കുറ്റമാണെന്ന് വെര്ച്വല് യോഗത്തില് പലസ്തീൻ വിദേശമന്ത്രി റിയാദ് അൽ മാലികി പറഞ്ഞു. ഇസ്രയേൽ അതിക്രമത്തെ പിന്തുണയ്ക്കുന്ന അമേരിക്കന് നടപടിയെ അപലപിച്ചു.
എന്നാല്, ഹമാസ് കുട്ടികളെ മറയാക്കുകയാണെന്ന് യുഎന്നിലെ ഇസ്രയേൽ സ്ഥാനപതി ഗിലാഡ് ഏർഡൻ അവകാശപ്പെട്ടു. ഹമാസ് റോക്കറ്റ് ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞത്. ഇസ്രയേലിന്റെ കൂട്ടക്കൊലയെ കുറിച്ച് മൗനംപാലിച്ചു.വിഷയത്തില് രക്ഷാസമിതി പൊതുപ്രസ്താവന ഇറക്കുന്നതില് സ്ഥിരാംഗമായ അമേരിക്ക മാത്രമാണ് തടസ്സംനില്ക്കുന്നതെന്ന് മറ്റൊരു സ്ഥിരാംഗമായ ചൈന വെളിപ്പെടുത്തി.