ലണ്ടൻ
ഗോളടിക്കാരുടെ ലിവർപൂളിൽ ഒടുവിൽ ഗോളടിക്കാൻ ഒരു ഗോൾ കീപ്പർ. അലിസൺ ബെക്കറുടെ ഗോൾ ചരിത്രത്തിലേക്കായിരുന്നു. വെറുമൊരു ഗോളായിരുന്നില്ല അത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരം. ലിവർപൂൾ വെസ്റ്റ് ബ്രോംവിച്ചിനോട് 1–-1ന് കുരുങ്ങി നിൽക്കുന്നു. കളി പരിക്കുസമയത്തിന്റെ അവസാന നിമിഷത്തിൽ. ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ലിവർപൂളിന് ജയം അനിവാര്യം. ലിവർപൂളിന്റെ കോർണർ കിക്ക്. അലിസൺ എതിർ ഗോൾമുഖത്തേക്ക് ഓടിയടുത്തു. ട്രെന്റ് അലെക്സാണ്ടർ ആർണോൾഡിന്റെ കോർണർ കിക്ക്. വെസ്റ്റ് ബ്രോം ഗോൾ മുഖത്തേക്ക് അത് ചാഞ്ഞിറങ്ങി. ഒരു നിമിഷം, അലിസൺ തലയൊന്ന് ചരിച്ചുവച്ചു. പന്ത് തലയിൽ തട്ടി വെസ്റ്റ് ബ്രോം വലയിലേക്ക്. ആ അത്ഭുതനിമിഷത്തിൽ ലിവർപൂൾ അലിസണിൽ പൊതിഞ്ഞു. അവരുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി അത് മാറി. അച്ഛനായിരുന്നു ഈ ബ്രസീലുകാരൻ ഗോൾ സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അലിസന്റെ അച്ഛൻ മരിച്ചത്.
ജയം, ലിവർപൂളിനെ ആദ്യ നാലിലേക്കുള്ള സാധ്യത സജീവമാക്കി. രണ്ട് കളി ശേഷിക്കെ 63 പോയിന്റുമായി അഞ്ചാമതാണ് ലിവർപൂൾ. 64 പോയിന്റുള്ള ചെൽസി നാലാമതും 66 പോയിന്റുള്ള ലെസ്റ്റർ സിറ്റി മൂന്നാമതുമാണ്. മൂന്ന് ടീമുകൾക്കും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിർണായകമാണ്.
വെസ്റ്റ് ബ്രോമിനെതിരെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു ലിവർപൂളിന്. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ വെസ്റ്റ് ബ്രോം മുന്നിൽ. റോബ്സൺ കാനുവാണ് ഗോളടിച്ചത്. അരമണിക്കൂർ കഴിയുംമുമ്പ് മുഹമ്മദ് സലാ ലിവർപൂളിനെ ഒപ്പമെത്തിച്ചു. ശേഷം ആലിസൺ ചരിത്രമെഴുതി.
ലീഗിലെ മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ലയെ ക്രിസ്റ്റൽ പാലസും (2–-3) എവർട്ടണെ ഷെഫീൽഡ് യുണൈറ്റഡും (0–-1) വീഴ്ത്തി. ടോട്ടനം ഹോട്സ്പർ വൂൾവ്സിനെ 2–-0ന് തോൽപ്പിച്ചു.