തിരുവനന്തപുരം
ട്രാൻസ്ജെൻഡേഴ്സിന് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. ലോക് ഡൗണിൽ ജീവനോപാധിക്ക് വകയില്ലാതെ ട്രാൻസ്ജെൻഡർ വ്യക്തികൾ പ്രയാസം നേരിടുന്നതായി മനസ്സിലാക്കിയാണ് ഇടപെടൽ. അഞ്ച് കിലോ അരി, ഒരു കിലോ വീതം ചെറുപയർ, ആട്ട, പഞ്ചസാര എന്നിവയ്ക്ക് പുറമെ തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കടല, വെളിച്ചെണ്ണ, മറ്റു പല വ്യഞ്ജനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽനിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവായി.
ഓരോ ജില്ലയിലും ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെടുന്നവരുടെ എണ്ണവും ജില്ലാ സാമൂഹ്യനീതി ഓഫീസർ കണക്കാക്കണം. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി പരാതിയില്ലാതെ വിതരണം ചെയ്യാനും നിർദേശിച്ചു. ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് സമിതി, സിബിഒകളുടെ സഹായത്തോടെയാണ് വിതരണം ചെയ്യേണ്ടത്. നേരത്തെയും ലോക്ഡൗൺ കാലയളവിൽ ട്രാൻസ്ജെൻഡേഴ്സിന് സമാന നടപടിയിലൂടെ സർക്കാർ ആശ്വാസം പകർന്നിരുന്നു.
സൗജന്യ അരി, ഗോതമ്പ്
വിതരണം തുടങ്ങി
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി മുഖേന മുൻഗണനാ കാർഡുകാർക്കുള്ള സൗജന്യ അരിയുടെയും ഗോതമ്പിന്റെയും വിതരണം തുടങ്ങി. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും റേഷൻ കടകൾ വഴി സൗജന്യമായി ലഭിക്കും.
സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഏപ്രിലിലെ ഭക്ഷ്യക്കിറ്റിന്റെ വിതരണം തുടരുകയാണ്. എഎവൈ കാർഡുകാർക്കുള്ള മേയിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. തുടർന്ന് മറ്റ് കാർഡുകാർക്കും കിറ്റ് ലഭിക്കും.