ഗാസ
ഗാസയിലെ ഇസ്രയേൽ ആക്രമണം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം കൂടുതൽ ശക്തമാക്കി. ഞായറാഴ്ച 42 പേരെ കൊന്ന ആക്രമണത്തേക്കാൾ രൂക്ഷമായ ആക്രമണമാണ് തിങ്കളാഴ്ച ഇസ്രയേൽ സൈന്യം നടത്തിയത്. 54 യുദ്ധവിമാനവും 110 റോക്കറ്റും ഉപയോഗിച്ച് 35 ലക്ഷ്യസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 20 മിനിറ്റ് നീണ്ടുനിന്ന ആക്രമണം ഗാസ നഗരത്തെ പിടിച്ചുലച്ചു. തീരദേശ റോഡുകളും വൈദ്യുതി വിതരണ ശൃംഖലയുമടക്കം തകർത്തു. ആക്രമണ സമയത്തും മറ്റും ഹമാസ് ആളുകളെ മാറ്റാൻ ഉപയോഗിക്കുന്ന 15 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കവും തകർത്തു. ഗാസയിലെ യുഎൻ നിയന്ത്രണത്തിലുള്ള സ്കൂളിലും ബോംബിട്ടു. ഒമ്പത് ഹമാസ് നേതാക്കളുടെ വീടുകളും ബോംബിട്ട് തകർത്തു.
വടക്കൻ നഗരം ജബാലിയ, ബെയ്ത് ലാഹിയ, അൽ ബുറേയ്ജ് അഭയാർഥി ക്യാമ്പ് എന്നിവയും ആക്രമിക്കപ്പെട്ടു. വീടുകൾക്കും ഫാക്ടറികൾക്കും കൃഷിയിടങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. ജബാലിയയിലെ ഫാക്ടറി ആക്രമണത്തിൽ കത്തി നശിച്ചു. ഗാസ നഗരത്തിലെ മൂന്നുനില കെട്ടിടം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. കെട്ടിടം കാലിയാക്കാൻ 10 മിനിറ്റ് സമയം മാത്രമാണ് നൽകിയത്. പ്രദേശത്തെ ഏക വൈദ്യുതി നിലയം തകർച്ചയുടെ വക്കിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിക്കാൻ സമയമെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. ‘സർവശക്തിയുമെടുത്ത് ആക്രമിക്കു’മെന്ന് അദ്ദേഹം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു തുടർ റോക്കറ്റ് ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇസ്രയേൽ കൊന്ന പലസ്തീൻകാരുടെ എണ്ണം 200 ആയി. ഇതിൽ 59 കുട്ടികളും 35 സ്ത്രീകളുമുണ്ട്. 1305 പേർക്ക് പരിക്കേറ്റു.