മെല്‍ബണ്‍: 2018 ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരുണ്ടല്‍ വിവാദത്തെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ എന്നറിയാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി യൂണിറ്റ് കാമറൂൺ ബാൻക്രോഫ്റ്റിനെ സമീപിച്ചു. നായകൻ സ്റ്റീവ് സ്മിത്തിന്റെയും, ഉപനായകൻ ഡേവിഡ് വാർണറിന്റെയും രണ്ട് വർഷത്തെ വിലക്കിന് കാരണമായ സംഭവത്തെക്കുറിച്ച് ടീമിലെ ബോളർമാർക്ക് എല്ലാം അറിയാമായിരുന്നുവെന്ന ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലാണ് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്‌ടൗൺ ടെസ്റ്റിൽ ബാൻക്രോഫ്റ്റിന്റെ പക്കൽ നിന്ന് സാൻഡ് പേപ്പർ കണ്ടെത്തിയിരുന്നു. തുടർന്ന് താരത്തിന് ഒൻപത് മാസത്തെ വിലക്കും ലഭിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തലവനായ ബെൻ ഒലിവർ ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി. പന്ത് ചുരണ്ടൽ വിവാദത്തിൽ കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ എന്നറിയാൻ ഇന്റഗ്രിറ്റി യൂണിറ്റ് ബാൻക്രോഫ്റ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.
“സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നിട്ടുണ്ട്. അതിന്റെ പിന്നിലെ നടപടികളും സ്വീകരിച്ചിരുന്നു,” ഒലിവർ ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് പറഞ്ഞു.
Also Read: ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ
“വിവാദവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ ഇന്റഗ്രിറ്റി യൂണിറ്റുമായി ചർച്ച ചെയ്യാൻ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഞങ്ങളുടെ ടീം വീണ്ടും അന്വേഷണത്തിലേക്ക് എത്തിയിരിക്കുകയാണ് , അദ്ദേഹത്തിന് എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ കൈമാറാനായി നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല, ” ഒലിവർ കൂട്ടിച്ചേർത്തു.
പന്ത് ചുരുണ്ടൽ വിവാദം
2018 ൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. മത്സര ഫലം അനുകൂലമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ ബാൻക്രോഫ്റ്റാണ് പന്തിൽ കൃത്രിമം കാണിച്ചത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. ഇത് ടിവി ക്യാമറയിൽ പതിഞ്ഞതോടെ പിടിക്കപ്പെട്ടു. സാൻഡ് പേപ്പർ കണ്ടെത്തുകയും ചെയ്തു. നായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്കും ലഭിച്ചു. അന്നത്തെ പരിശീലകനും മുൻ ഓസിസ് താരവും ആയിരുന്ന ഡാരൻ ലേമാന് സ്ഥാനം നഷ്ടപ്പെട്ടു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സ്മിത്തും, വാര്‍ണറും ദേശീയ ടീമിലേക്ക് തിരികെ എത്തി.
The post പന്ത് ചുരുണ്ടൽ വിവാദം: പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ബാൻക്രോഫ്റ്റിനെ സമീപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ appeared first on Indian Express Malayalam.