ഫോണിലെ നമ്പറുകൾ ഫോൺ മാറുമ്പോൾ നഷ്ടമാകും എന്ന പേടിയുണ്ടോ? എങ്കിൽ ആ പേടിയുടെ ആവശ്യമില്ല. ഗൂഗിളുമായി ഫോണിലെ നമ്പറുകൾ ബന്ധിപ്പിച്ചാൽ മതി. ഫോൺ നഷ്ടപ്പെട്ടാലോ, ഫോണിന് കേടു വന്ന് പുതിയ ഫോൺ എടുക്കേണ്ടി വന്നാലോ നിങ്ങളുടെ ഫോണിൽ ഉണ്ടായിരുന്ന മുഴുവൻനമ്പറുകളും നിങ്ങൾക്ക് ഗൂഗിൾ വഴി തിരിച്ചെടുക്കാൻ സാധിക്കും.
ഗൂഗിളിൽ അക്കൗണ്ട് ഉള്ള എല്ലാവർക്കും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും. ആൻഡ്രോയിഡ് മൊബൈലുകൾ ഉപയോഗിക്കുന്നവർക്ക് എല്ലാവർക്കും തന്നെ ഗൂഗിൾ അക്കൗണ്ട് ഉണ്ടാകും. കാരണം, ആപ്പുകൾ പ്ലെയ്സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നത് ഗൂഗിൾ അക്കൗണ്ട് വഴിയാണ്. ജി-മെയിൽഉപയോഗിച്ച് മെയിലുകൾ അയക്കുന്നതും ഗൂഗിൾ അക്കൗണ്ടിലൂടെയാണ്. അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ ഫോണിലെ നമ്പറുകൾ ഗൂഗിളുമായി ബന്ധിപ്പിക്കുന്നത് എന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണിലെ നമ്പറുകൾ ഗൂഗിളുമായി ബന്ധിപ്പിക്കാൻ
നിങ്ങളുടെ ഫോണിൽ ഗൂഗിൾ അക്കൗണ്ട് എടുത്തിട്ടില്ലെങ്കിൽ അത് എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി സെറ്റിങ്‌സ്> അക്കൗണ്ട്സ് > ആഡ് അക്കൗണ്ട് എന്നിങ്ങനെ സെർച്ച് ചെയ്ത് നിങ്ങളുടെ ഇ-മെയിൽ ഐഡിയും പാസ്സ്‌വേർഡും നൽകി അക്കൗണ്ട് എടുക്കുക. അതിനു ശേഷം നമ്പർ ബന്ധിപ്പിക്കുന്നതിനായി താഴെ പറയുന്ന രീതിയിൽ മുന്നോട്ട് പോകുക.
- നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ടാബിലെ ‘സെറ്റിങ്‌സ്’ (Settings) തുറക്കുക
- അതിലെ ‘ഗൂഗിൾ’ (Google) എന്നതിൽ നിന്ന് ‘അക്കൗണ്ട് സർവീസസ്’ (Account Services) തിരഞ്ഞെടുക്കുക. അതിൽ നിന്ന് ‘കോണ്ടാക്ട് സിങ്ക്’ (Contact Sync) തിരഞ്ഞെടുത്ത ശേഷം ഓട്ടോമാറ്റിക്കലി സിങ്ക് ഗൂഗിൾ കോണ്ടാക്ട് (Automatically sync Google Contacts) എന്നത് ക്ലിക്ക് ചെയ്യുക.
- ആ ഓപ്ഷൻ സിങ്ക് ചെയ്യുന്നതിനായി ഓൺ ചെയ്യുക. സിങ്ക് ചെയ്യുന്നത് ഓഫ് ചെയ്യുന്നതിനും ഇത് തന്നെയാണ് ഉപയോഗിക്കേണ്ടത്.
ചില ഫോണുകളിൽ സെറ്റിങ്സിൽ നിന്ന് അക്കൗണ്ട്സ് എന്ന ഓപ്ഷൻ നേരിട്ട് എടുക്കാൻ സാധിക്കും അങ്ങനെയുള്ള ഫോണുകളിൽ ആ ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ നിന്ന് ഗൂഗിൾ തിരഞ്ഞെടുത്ത് അക്കൗണ്ടിൽ ക്ലിക്ക് ചെയ്ത് സിങ്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. ഇനി നിങ്ങളുടെ ഫോണിൽ ഇത് കാണുന്നില്ലെങ്കിൽ സെറ്റിങ്സിൽ കയറിയ ശേഷം മുകളിലെ സെർച്ച് ബാറിൽ “അക്കൗണ്ട്സ്” എന്ന് സെർച്ച് ചെയ്താൽ മതി.
ഐഫോണിലെ നമ്പറുകൾ ഗൂഗിളുമായി ബന്ധിപ്പിക്കാൻ
ഐഫോണിൽ ആദ്യം സെറ്റിങ്സിൽ പോകുക. അവിടെ നിന്നും അക്കൗണ്ട്സ് ആൻഡ് പാസ്സ്‌വേഡ്സ് എന്ന ഓപ്ഷൻ (Passwords & Accounts)തിരഞ്ഞെടുക്കുക. എന്നിട്ട് അതിൽ നൽകിയിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുത്ത് കോൺടാക്ട് ഷെയറിങ് (Contact Sharing) ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യുക.
ഇനി നിങ്ങളുടെ ഫോണിൽ ഗൂഗിൾ അക്കൗണ്ട് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനായി സെറ്റിങ്സിൽ കയറി കോണ്ടാക്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക അതിൽ നിന്നും അക്കൗണ്ട്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വരുന്ന പേരുകളിൽ നിന്ന് ഗൂഗിൾ തിരഞ്ഞെടുത്ത് ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും നൽകി അക്കൗണ്ട് ഉൾപ്പെടുത്തുക അതിനു ശേഷം കോൺടാക്ട് ബന്ധിപ്പിക്കുന്നതിനായി സിങ്ക് ഓപ്ഷൻ ഓൺ ചെയ്യുക.
ഐഫോണിൽ ഫോൺ നമ്പറുകൾ പൊതുവെ ഐക്‌ളൗഡിലേക്കാണ് സിങ്ക് ആയിട്ടുണ്ടാവുക. അത് ഗൂഗിളിലേക്ക് മാറ്റുന്നതിന് സെറ്റിങ്‌സിൽ കയറി ‘കോൺടാക്ട്’ തിരഞ്ഞെടുത്ത് ‘ഡിഫോൾട്ട് അക്കൗണ്ട്’ (Default Account) ഏതാണെന്ന് നോക്കുക. ഗൂഗിൾ അല്ലെങ്കിൽ അതിലേക്ക് ഗൂഗിൾ അക്കൗണ്ട് ചേർക്കുക. അതോടെ നിങ്ങളുടെ ഫോണിലെ ഫോൺ നമ്പറുകൾ ഗൂഗിളിലും ലഭിക്കും.
Read Also: ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടത് എങ്ങനെ?
ഇനി ഗൂഗിൾ അക്കൗണ്ട് ചേർക്കുന്നതിന് മുൻപുള്ള അക്കൗണ്ട് ലഭിക്കണം എന്നുണ്ടെങ്കിൽ ഐഫോണിൽ ഗൂഗിൾ ഡ്രൈവ് (Google Drive) ഇൻസ്റ്റാൾ ചെയ്ത് അതിന്റെ സെറ്റിങ്സിൽ നിന്ന് ബാക്കപ്പ് എടുത്ത് കോണ്ടക്ട്സ് ബാക്കപ്പ് ചെയ്താൽ മതി.
ഫോണിൽ നിന്നും ബന്ധിപ്പിച്ച നമ്പറുകൾ ഗൂഗിളിൽ ലഭിക്കാൻ
ഫോണിൽ നിന്നും ബന്ധിപ്പിച്ച അക്കൗണ്ടുകൾ ഗൂഗിളിൽ ലഭിക്കാൻ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലോ മറ്റു ഗൂഗിൾ സർവീസുകളിലോ കയറി മുകളിൽ വലതുവശത്ത് പ്രൊഫൈൽ ചിത്രത്തിന് സമീപമുള്ള ഒമ്പത് കുത്തുകളിൽ കാണുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ നിന്ന് കോണ്ടക്ട്സ് തിരഞ്ഞെടുക്കുകയോ, http://www.contacts.google.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്താൽ മതി. ഇത് ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുള്ള ഏത് ഡിവൈസിലൂടെയും നിങ്ങൾക്ക് പരിശോധിക്കാം.
ഇങ്ങനെ ഫോണിലെ നമ്പറുകൾ ഗൂഗിളുമായി ബന്ധിപ്പിക്കുന്നതിലൂടെ മൊബൈൽ നഷ്ടമായാൽ നമ്പറുകളും നഷ്ടമാകുമല്ലോ എന്ന ആശങ്ക ഒഴിവാക്കാം.
The post ഫോൺ മാറിയാലും ഫോണിലെ നമ്പറുകൾ പോകില്ല, ഗൂഗിളുമായി ബന്ധിപ്പിച്ചാൽ മതി; എങ്ങനെയെന്ന് നോക്കാം appeared first on Indian Express Malayalam.