ഇടുക്കിയിൽ 89 ഹെക്ടർ കൃഷി നശിച്ചു
മലപ്പുറത്ത് ഇതുവരെ ആറുകോടിയിലേറെ രൂപയുടെ കൃഷി നശിച്ചു
ആലപ്പുഴ–- ചങ്ങനാശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം
രണ്ടുദിവസമായി കലിതുള്ളിയെത്തിയ മഴയിലും കാറ്റിലും കടലാക്രമണത്തിലും ഞായറാഴ്ച കേരളത്തിന് രണ്ട് ജീവനുകൾ നഷ്ടമായി, രണ്ടുപേർക്ക് പരിക്കേറ്റു.
ഇടുക്കി പുളിയന്മല അപ്പാപ്പൻകട ഭാഗത്ത് വാഹനത്തിന് മുകളിൽ മരം വീണ് തൊടുപുഴ കാരിക്കോട് സ്വദേശിനി സൂസമ്മ(62)യാണ് മരിച്ചത്. സൂസമ്മയുടെ ഭർത്താവ് പി ഡി സെബാസ്റ്റ്യൻ (70), അരുൺകുമാർ (33) എന്നിവർക്ക് പരിക്കേറ്റു. വാഹനം പൂർണമായും തകർന്നു. കൊച്ചി കായലിൽ മീൻപിടിത്തത്തിനിടെ കാണാതായ കൊല്ലം തേവലക്കര കോയിവിള സ്വദേശി ആന്റോ യേശുദാസിന്റെ (54) മൃതദേഹം ഞായറാഴ്ച കണ്ടെത്തി.വിവിധ ജില്ലകളിൽ ഞായറാഴ്ച പകൽ മഴയ്ക്കും കാറ്റിനും നേരിയ ശമനമുണ്ടായെങ്കിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. നദികളിലെ ജലനിരപ്പുകൾ ഉയർന്നതോടെ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. സംസ്ഥാനമാകെ നിരവധി വീടുകൾ തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി. ആലുവയിൽ ഇടിമിന്നലിൽ ഒരു വീട്ടിലെ നാലു കറവപ്പശുക്കൾ ചത്തു.
തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും കാറ്റും തുടർന്നു. കടൽക്ഷോഭം രൂക്ഷമാണ്. 23 വീട് പൂർണമായും 398 വീട് ഭാഗികമായും തകർന്നു. 23 ദുരിതാശ്വാസ ക്യാമ്പിലായി 308 കുടുംബങ്ങളിലെ 1,197 പേരെ മാറ്റി.
പാലക്കാട് ജില്ലയിൽ പരക്കെ മഴ പെയ്തു. ആനക്കര കുമ്പിടി ഉമ്മത്തൂരിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. നാഗലശേരി കിഴക്കേ പിലാക്കാട്ടിരിയിൽ ചർക്ക ക്ലാസ് കെട്ടിടം തകർന്നു വീണു. അട്ടപ്പാടിയിൽ വൈദ്യുതി തടസ്സംതുടരുന്നു. കേരളശേരി, മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എൻഇയുപി സ്കൂളിന് സമീപത്തെ പാലം തകർന്നു. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നു.
ഇടുക്കിയിൽ ഞായറാഴ്ച നാല് വീട് പൂർണമായും 86 വീട് ഭാഗികമായും നശിച്ചു. ഉപ്പുതറ കമ്യൂണിറ്റി സെന്ററിന് മുകളിൽ മരംവീണു. കാന്തിപ്പാറയിലും പൂപ്പാറയിലും രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൂപ്പാറയിൽ 10 പേരെയും കാന്തിപ്പാറയിൽ ഒരു കുടുംബത്തെയും ക്യാമ്പിലേക്ക് മാറ്റി. ഞായറാഴ്ചമാത്രം 89 ഹെക്ടർ കൃഷിനാശം റിപ്പോർട്ടുചെയ്തു.
കോട്ടയം ജില്ലയിൽ ഇതുവരെ 13 ദുരിതാശ്വാസ ക്യാമ്പിലായി 220 പേരെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയമുന്നറിയിപ്പ് നൽകി. 219 വീട് നശിച്ചു.
കൊച്ചി ചെല്ലാനത്ത് എട്ട് വീട് പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നു. അഞ്ഞൂറിലേറെ വീടുകൾ ഉപയോഗശൂന്യമായി. എടവനക്കാട്ടെ അഞ്ച് വീട് പൂർണമായി തകർന്നു. കൊച്ചിയിൽനിന്ന് കടലിൽപോയ നൂറോളം മീൻപിടിത്തബോട്ടുകളെക്കുറിച്ച് വിവരമില്ല. ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. മൂവാറ്റുപുഴയിലും പാലക്കുഴയിലും വ്യാപക കൃഷിനാശമുണ്ടായി. ചിറ്റേത്തുകര–-തുതിയൂർ–-കൂനനാഞ്ഞിലി റോഡ് തകർന്ന് 11 അടിയോളം ഉയരത്തിൽ മണ്ണ് ഇടിഞ്ഞുവീണു.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, എറിയാട്, മതിലകം, കടപ്പുറം, ചാവക്കാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ചാവക്കാട് എന്നിവിടങ്ങളിൽ 17 ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 480 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ക്യാമ്പുകളിൽ ഒരെണ്ണം കോവിഡ് പോസിറ്റീവായവർക്കും നാലെണ്ണം ക്വറന്റൈനിലുള്ളവർക്കും വേണ്ടിയാണ്.
ഡാമുകളിൽ ജലനിരപ്പുയർന്നു. പെരിങ്ങൽക്കുത്ത് ഡാമിൽ ജലം 418.05 മീറ്ററായി. 419.41 മീറ്ററായാൽ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടും. വിവിധയിടങ്ങളിൽ വൈദ്യുതിയും മുടങ്ങി. മലപ്പുറത്ത് കടലാക്രമണത്തിന് അൽപ്പം അയവുവന്നെങ്കിലും താനൂർ എടക്കടപ്പുറത്ത് മുപ്പതിലധികം വീടുകളിൽ വെള്ളം കയറി. പൊന്നാനി താലൂക്കിലെ നാല് ക്യാമ്പിലായി 41 കുടുംബങ്ങളുണ്ട്. എടക്കരയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭാരതപ്പുഴ, ചാലിയാർ നദികളിലും കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സ്ളൂയീസ് വാൽവ് ഉയർത്തിയതിനെ തുടർന്ന് തൂതപ്പുഴയിലും ജലനിരപ്പുയർന്നു.
ഇതുവരെ ആറുകോടിയിലേറെ രൂപയുടെ കൃഷി നശിച്ചു. ഞായറാഴ്ച പകൽ 78.06 മില്ലീമീറ്റർ മഴലഭിച്ചു.ആലപ്പുഴയിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുകയാണ്. 454 വീട് തകർന്നതിൽ 15 എണ്ണം പൂർണമായും നശിച്ചു. വ്യാപക കൃഷിനാശവുമുണ്ട്. തീരദേശത്ത് നിരവധി വീടും റോഡും വെള്ളത്തിൽ മുങ്ങി. ആലപ്പുഴ––ചങ്ങനാശേരി റോഡിൽ പലഭാഗങ്ങളിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. 19 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 122 കുടുംബങ്ങളിലെ 359 പേരെ മാറ്റി. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായി 2 ഡി ടൈപ്പ് ക്യാമ്പും തുറന്നു. ജില്ലയിൽ 43.84മില്ലീമീറ്റർ മഴ ഞായറാഴ്ച പെയ്തു.
കോഴിക്കോട് ജില്ലയിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ട്. കടലാക്രമണത്തിൽ വടകര അഴിത്തല മുതൽ കുരിയാടിവരെ നാല് കിലോമീറ്റർ നീളമുള്ള കരിങ്കൽ ഭിത്തി തകർന്നു. 100ഓളം വീടുകളും ഭാഗികമായി തകർന്നു. പെരിഞ്ചേരിക്കടവ് പുഴയുടെ തീരമിടിഞ്ഞു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിൽ എട്ട് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 38 കുടുംബങ്ങളിലെ 174 പേരുണ്ടിവിടെ. വയനാട്ടിൽ വൈത്തിരി താലൂക്കിലെ മലയോരമേഖലകളിൽ മഴ ശക്തമാണ്. മേപ്പാടിയിലും കനത്ത മഴയാണ്.
രണ്ട് വർഷം മുമ്പ് ഉരുൾപൊട്ടിയ പുത്തുമലയിൽ 185 മില്ലീമീറ്റർ മഴ പെയ്തു. കള്ളാടിയിൽ 182.6 മിമീറ്ററും. പലയിടങ്ങളിലും മരം വീണ് വീടുകൾ നശിച്ചു. . നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊല്ലം ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പിലായി 609 പേരെ പാർപ്പിച്ചിച്ചു. ഇതുവരെ 10 വീട് പൂർണമായും 313 വീട് ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 27 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഏഴു ക്യാമ്പിലായി 114 പേരുണ്ട്. 37 വീടുകൾ ഭാഗികമായി തകർന്നു.
തിരുവല്ലയിലെ രണ്ട് റെയിൽവേ അടിപ്പാതകളിലും –-തിരുമൂലപുരം- –- കറ്റോട് റോഡിലെ ഇരുവെള്ളിപ്രയിലും കുറ്റൂർ മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ റെയിൽവേ അടിപ്പാതയിലും വെള്ളംനിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ ജില്ലയിൽ മുപ്പത് വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൃഷിനാശവുമുണ്ട്. തലശേരി താലൂക്കിൽ രണ്ട് ക്യാമ്പിലായി 155 പേരെ മാറ്റിപ്പാർപ്പിച്ചു. പഴശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. കാസർകോട് ജില്ലയിൽ 43 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. 237 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.