തിരുവനന്തപുരം
തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കാൻ പ്രവർത്തിച്ചവരിലെ അവസാനത്തെ കണ്ണി മാത്യു പെരേര (106)നിര്യാതനായി. ബാർട്ടൺഹിൽ ഗവ. ലോ കോളേജിന് സമീപം ടിസി-12 /1079 ലായിരുന്നു താമസം.
1937ൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച മാത്യു പെരേര അതേ വർഷം ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മ തിരുവിതാംകൂറിൽ ആദ്യമായി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി ഡിപിഐ ഡയറക്ടറായിരുന്ന പ്രൊഫ.സി വി ചന്ദ്രശേഖറിനെ നിയമിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്റ്റെനോ ടൈപ്പിസ്റ്റായാണ് കേരള സർവകലാശാലയിൽ എത്തുന്നത്. അന്നത്തെ പാർട്ട് ടൈം വൈസ് ചാൻസലർ സി പി രാമസ്വാമി അയ്യരുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു. തുടർന്ന് കേരള സർവകലാശാലയുടെ ഒമ്പത് വൈസ് ചാൻസലർമാരുടെ പേഴ്സണൽ അസിസ്റ്റന്റ് ആയും പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. സർവകലാശാലയിൽ പരീക്ഷാ കൺട്രോളർ എന്ന തസ്തികയില്ലായിരുന്ന അക്കാലങ്ങളിൽ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും വേണ്ടി സർവകലാശാല പരീക്ഷകളുടെ രഹസ്യ ജോലികൾ അദ്ദേഹമാണ് നിർവഹിച്ചിരുന്നത്. 1970ൽ സർവീസിൽനിന്ന് വിരമിച്ചു. തിരുവിതാംകൂറിലെ നിരവധി ചരിത്രസംഭവങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്ന മാത്യു പെരേര മഹാത്മാഗാന്ധിയെ നേരിൽ കണ്ടവരിൽ അവസാനത്തെ വ്യക്തികളിലൊരാളുമാണ്. 1937ൽ ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹം കേട്ടിട്ടുണ്ട്.
ഭാര്യ: പരേതയായ ലില്ലി പെരേര. മക്കൾ: എറിക്, വിൻസെന്റ്, ജോൺ, പരേതരായ ഡൊറിൻ, മെറ്റിൽഡ. മരുമക്കൾ: പരേതനായ മാനുവൽ ഡിസൂസ, സ്റ്റാൻലി, ഷെറിൽ, ലിൻഡ. കേരള സർവകലാശാലയിലെ ഏറ്റവും പ്രായം കൂടിയ പെൻഷണർ ആയിരുന്ന മാത്യു പെരേരയുടെ വേർപാടിൽ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള എന്നിവർ അനുശോചിച്ചു.