തിരുവനന്തപുരം
മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കേരളത്തെ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഴക്കാല പൂർവ ശുചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കുന്നുണ്ട്. വാർഡ് മെമ്പർമാരും,ജെപിഎച്ച്എൻമാരും ജെഎച്ച്ഐമാരും ആശപ്രവർത്തകരും ഇതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ഡ്രൈ ഡേയുടെ ഭാഗമായി ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ മന്ത്രി പറഞ്ഞു.
മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഞായറാഴ്ച ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിച്ചു. ഇടയ്ക്കിടെ ഡ്രൈഡേ ആചരിക്കാനാണ് തീരുമാനം. ശുചീകരണം, രക്ഷാപ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്നവർക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ നൽകണം. അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും ശുചിത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ രമേഷ്, വിവിധ ജില്ലകളിലെ ഡിഎംഒ, ഡിപിഎം, ഡിഎസ്ഒ, വിവിധ ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.