തിരുവനന്തപുരം
വിദേശത്തുനിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ സർക്കാർ ആഗോള ടെൻഡർ വിളിക്കുന്നതിൽ ഉടൻ തീരുമാനം. വാക്സിൻ വാങ്ങാൻ രൂപീകരിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച യോഗം ചേരും. എത്ര ഡോസ് വാക്സിൻ വാങ്ങണമെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമാകും. ഒരു കോടി കോവിഷീൽഡും, കോവാക്സിനും പണം നൽകി വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും അത്രയും കമ്പനികളിൽനിന്ന് ലഭിക്കാത്തതിനാലാണ് വിദേശത്തുള്ള ഉൽപ്പാദകരിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നത്.
വാക്സിൻ പൂർണമായും സൗജന്യമായി നൽകുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതോടെയാണ് ഒരു കോടി ഡോസ് വാക്സിൻ നേരിട്ട് പണം നൽകി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി കോവിഷീൽഡ് വാക്സിൻ ഉൽപ്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെയും കോവാക്സിൻ ഉൽപ്പാദകരായ ഭാരത് ബയോടെക്കിനെയും സർക്കാർ ബന്ധപ്പെട്ടെങ്കിലും 4,87, 530 ഡോസ് വാക്സിൻ മാത്രമാണ് ഇതുവരെ ലഭിച്ചത്. റഷ്യ ഉൽപ്പാദിപ്പിക്കുന്ന സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ്, ചൈനയുടെ സിനോഫാം, സിനോവാക്, ക്യൂബയുടെ സൊബറാന, അബ്ദാല, മാംബസിയ, സോവെറിൻ, അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ, അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഫൈസർ ബയോ എൻ ടെക്, ചിലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കൊറോണ വാക് തുടങ്ങിയവയാണ് വിദേശ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിൻ. ഇതിൽ ക്യൂബയുടെ ചില വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലാണ്. മൂന്നാംഘട്ട ട്രയൽ പൂർത്തിയായവയാകും കേരളം വാങ്ങുക.