തിരുവനന്തപുരം
മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ പതിനേഴാം ചരമവാർഷികദിനം മെയ് 19 ന് സമുചിതമായി ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. മാനദണ്ഡം പാലിച്ച് കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ പാർടി പ്രവർത്തകർ സജീവമായി പങ്കെടുക്കണം. പാർടി പതാക ഉയർത്തിയും ഓഫീസ് അലങ്കരിച്ചും അനുസ്മരണയോഗം സംഘടിപ്പിച്ചും നായനാർ സ്മരണപുതുക്കണം.
കേരളത്തിൽ തൊഴിലാളി വർഗപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിന് മഹത്തായ സംഭാവന നൽകിയ നേതാവാണ് ഇ കെ നായനാർ. നന്നേ ചെറുപ്പത്തിൽ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നായനാർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കല്ല്യാശ്ശേരിയിൽ രൂപംകൊണ്ട ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. അതിലൂടെ സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി. ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സമരപ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായി. അവരെ സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ സമരത്തെയും നായനാർ നയിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളെ ഉയർത്തിയുള്ള സമരപ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയവുമായി യോജിപ്പിക്കാനും നായനാർക്ക് കഴിഞ്ഞു.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളി –- കർഷക പ്രസ്ഥാനങ്ങളും വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു നായനാരുടേത്. പാർടിയുടെ സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, കേരളമുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെ കാലം കേരളീയ സമൂഹത്തിൽ നിറഞ്ഞുനിന്ന നായനാരുടെ പ്രവർത്തനം തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് എക്കാലവും ആവേശം പകരുന്നതാണ്.
രാജ്യത്താകെ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോഴും പെട്രോളിനും ഡീസലിനും അനുദിനം വിലവർധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാനങ്ങളുടെ മേൽ മുഴുവൻ ഭാരവും അടിച്ചേൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രതിഷേധം രാജ്യത്ത് വളർന്നു വരുന്നുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെടുകയും സംസ്ഥാനം ലോക്ഡൗണിലൂടെ കടന്നുപോകുകയും ചെയ്യുന്ന വേളയിലാണ് നായനാർ ദിനം ആചരിക്കുന്നത്. രോഗവ്യാപനം തടയുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിനും അതീവജാഗ്രതയോടെയുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്ന മാതൃകാപരമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. കോവിഡ് അതിജീവനത്തിൽ പങ്കാളിയാകാൻ ഒറ്റ മനസ്സോടെ കേരളത്തിലെ ജനങ്ങളാകെ മുന്നോട്ടു വരണം. ഇത്തരം പ്രവർത്തനത്തിന് ഇ കെ നായനാരുടെ സ്മരണ നമുക്ക് കരുത്ത് പകരുമെന്നും സെക്രട്ടറിയറ്റ് പറഞ്ഞു.