ബെർലിൻ
ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിക്ക് മറ്റൊരു റെക്കോഡുകൂടി. ജർമൻ ഫുട്ബോൾ ലീഗ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന റെക്കോഡിനൊപ്പമാണ് ഈ പോളണ്ടുകാരൻ എത്തിയത്. ഫ്രെയ്ബുർഗിനെതിരെ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ട ലെവൻഡോവ്സ്കിക്ക് ഈ സീസണിൽ 28 കളിയിൽ 40 ഗോളായി. ഇതിഹാസതാരം യെർദ് മുള്ളറുടെ റെക്കോഡിനൊപ്പമാണ് എത്തിയത്. മത്സരം 2‐2ന് അവസാനിച്ചു.
കഴിഞ്ഞ 18 മത്സരങ്ങളിലും ലെവൻഡോവ്സ്കി ഗോളടിച്ചു. ഈ കാലയളവിൽ ഒരു ടീമിനെതിരെമാത്രമാണ് ലക്ഷ്യം കാണാൻ കഴിയാതിരുന്നത്. ഹെർത ബെർലിനെതിരെ. ഫ്രെയ്ബുർഗിനെതിരെ ഗോൾ നേടിയപ്പോൾ മുള്ളർക്കാണ് ലെവൻഡോവ്സ്കി അത് സമർപ്പിച്ചത്.
മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസിനുശേഷം യൂറോപ്യൻ ലീഗിൽ 40 ഗോൾ നേടുന്ന താരമാണ് ലെവൻഡോവ്സ്കി. സുവാരസ് 2015‐16 സീസണിലായിരുന്നു 40 ഗോളടിച്ചത്. കഴിഞ്ഞ മത്സരത്തിൽത്തന്നെ ബയേൺ ജർമൻ ലീഗ് കിരീടം ഉറപ്പാക്കിയിരുന്നു.