തിരുവനന്തപുരം
ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രൻനായർ (70) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. മ്യാൻമറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്, വെങ്കല മെഡൽ നേടിയ 2006ലെ ജൂനിയർ കോമൺ വെൽത്ത് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിനെ അനുഗമിച്ചു. ഒളിമ്പ്യൻ വി ദിജു, യു വിമൽകുമാർ, സനേവ് തോമസ്, ജോർജ് തോമസ് തുടങ്ങിയ നിരവധി താരങ്ങളുടെ പരിശീലകനായിരുന്നു.
സായിയുടെ ചിക്ക്മംഗ്ലൂർ കേന്ദ്രത്തിലായിരുന്നു പരിശീലകനായുള്ള തുടക്കം. തുടർന്ന് ദീർഘനാൾ തൃശൂർ സായിയിൽ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം എൽഎൻസിപിഇയിൽനിന്നാണ് വിരമിച്ചത്. ആനയറ മധുമുക്ക് ലെയ്നിലെ ‘ശിവസുധ’യിലായിരുന്നു താമസം. ഭാര്യ: വത്സലകുമാരി (റിട്ട. സിവിൽ സപ്ലൈസ്). മക്കൾ: പ്രിയ ചന്ദ്രൻ, പ്രിജ ചന്ദ്രൻ. മരുമക്കൾ: സന്ദീപ്, പ്രവീൺ.
എന്റെ ഗുരു–- ഒളിമ്പ്യൻ വി ദിജു
എന്നെ റാക്കറ്റ് പിടിക്കാൻ പഠിപ്പിച്ചത് ബാലചന്ദ്രൻ സാറായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള അഞ്ചുവർഷം നീണ്ട പരിശീലന നാളുകൾ നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. ആ ബന്ധം അവസാനംവരെയും നീണ്ടു. കുറച്ച് ദിവസങ്ങൾക്കുമുമ്പും തിരുവനന്തപുരത്തെ വീട്ടിൽ പോയി കണ്ടിരുന്നു.
1990ൽ ഞാൻ തൃശൂർ സായിയിൽ എത്തിയതോടെയാണ്- സാർ എന്റെ പരിശീലകനാകുന്നത്. ’95 വരെ അദ്ദേഹത്തിനുകീഴിലായിരുന്നു. അച്ചടക്കത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. സംസാരം അത്യാവശ്യത്തിനുമാത്രം. പരിശീലനവേളയിൽ വീട്ടുകാർ വന്നാൽപ്പോലും കാണാൻ അനുവദിക്കില്ല. ഫോൺ എടുക്കാനും. കളിയുടെ എല്ലാവശങ്ങളെയുംകുറിച്ച് അപാര അറിവുണ്ടായിരുന്നു. ആ അറിവുകൾ നന്നായി പകർന്ന് കളിക്കാരന്റെ പ്രതിഭയുടെ മൂർച്ച കൂട്ടുന്നതിലും വിഗദ്ധനായിരുന്നു. ‘സ്ട്രെങ്ത്ത് കൂട്ടണമെന്നായിരുന്നു’ എന്നോട് ആദ്യം പറഞ്ഞ കാര്യങ്ങളിലൊന്ന്.