മുംബൈ > നടിയും നര്ത്തകിയുമായ സുധ ചന്ദ്രന്റെ അച്ഛന് കെ ഡി ചന്ദ്രന് (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവര്ത്തകനുമായ കെ ഡി ചന്ദ്രന് വാര്ധക്യ സഹജമായ അസുഖം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. മെയ് പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഹും ഹേ രാഹി പ്യാര് കേ, ചൈനാ ഗേറ്റ്, ജുനൂന് പുക്കര്, കോള്, മേ മാധുരി ദീക്ഷിത് ബന്നാ ചാഹതി ഹൂണ്, ജബ് പ്ലായര് കിസീ ഹോതാ ഹേ, തേരേ മേരേ സപ്നേ, ഹര് ദില് ജോ പ്യാര് കരേഗാ, ശരാരത്, കോയി മില് ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കെ ഡി ചന്ദ്രന് ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷന് ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയാണ് കെ ഡി ചന്ദ്രന്. ബ്രിട്ടീഷ് ലൈബ്രറിയിലെ ലൈബ്രറേറിയന് ആയിരുന്നു. ഒരു കാലത്ത് മലയാളത്തില് പ്രസിദ്ധീകരിച്ച മിക്ക നാടകങ്ങളും ബോംബെയിലെ വിവിധ മലയാളി സമാജങ്ങള് വഴി രംഗത്ത് അവതരിപ്പിക്കുന്നതിന് കെ ഡി ചന്ദ്രന് മുന്കൈയ് എടുത്തു.