തിരുവനന്തപുരം > തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും.
ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും തുടരുകയാണ്. ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനും കപ്പൽ ഗതാഗതത്തിനുമുള്ള വിലക്ക് തുടരുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെയുണ്ടാകും.