വാഷിങ്ടൺ> കോവിഡ് വ്യാപനത്തിന്റെ യഥാർഥ ഉറവിടവും പരീക്ഷണശാലയിൽനിന്നുണ്ടായ ചോർച്ചയാണ് വ്യാപനത്തിന് കാരണമെന്നും തെളിയിക്കാൻ ആവശ്യമായ തെളിവില്ലെന്ന് ശാസ്ത്രജ്ഞർ. സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച കത്തിലാണ് 18 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ഇക്കാര്യം പറഞ്ഞത്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ യുഎസും മറ്റ് രാജ്യങ്ങളും പുതിയ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സാർസ്കോവ് 2 വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ നിലവിൽ കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണെന്ന് ശാസ്ത്രജ്ഞരിലൊരാളായ ജസ്സി ബ്ലൂം പറഞ്ഞു. സിയാറ്റിലിലെ ഫ്രെഡ് ഹച്ചിൻസൺ ക്യാൻസർ റിസർച്ച് സെന്ററിൽ വൈറസുകളുടെ പരിണാമം സംബന്ധിച്ച് പഠനം നടത്തുകയാണ് ബ്ലൂം.
വൈറസ് പരീക്ഷണശാലയിൽനിന്ന് ആകസ്മികമായി പുറത്തുവന്നതാണെന്ന വാദവും ജന്തുക്കളിൽനിന്ന് പടർന്നുവെന്ന വാദവും നിലനിൽക്കുന്നുണ്ട്. ചൈനയിൽ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരീക്ഷണശാലയിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്നായിരുന്നു ചിലരുടെ വാദം. എന്നാൽ അത്തരത്തിൽ വൈറസ് പുറത്തുവരാൻ സാധ്യത ഇല്ലെന്നായിരുന്നു ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനിലെ ലാബ് സന്ദർശിച്ചെങ്കിലും ലാബ് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവരുടെ പരിശോധനയുടെ ഭാഗമായിരുന്നില്ല.