ഗാസ/ജെറുസലേം > പലസ്തീൻകാരുമായുള്ള സംഘർഷത്തിന് താൽക്കാലിക ശമനത്തിനുള്ള നിർദേശം ഇസ്രയേൽ തള്ളി. ഒരു വർഷത്തേക്ക് ഇടക്കാല വെടിനിർത്തലിനുള്ള ഈജിപ്തിന്റെ നിർദേശമാണ് തള്ളിയത്. ഇസ്രയേൽ തയ്യാറാണെങ്കിൽ ഇത് സ്വീകാര്യമാണെന്ന് ഗാസ ഭരിക്കുന്ന ഹമാസ് വ്യക്തമാക്കിയിരുന്നു. ജോർദാൻ വിദേശമന്ത്രിയും ഈജിപ്ത് വിദേശമന്ത്രിയും ചർച്ച നടത്തിയശേഷമാണ് നിർദേശം മുന്നോട്ടുവച്ചത്. ജെറുസലേമിൽ പ്രകോപനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇവർ ചർച്ചചെയ്തു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഇസ്രയേൽ -പലസ്തീൻ വിഭാഗത്തിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായ ഹാദി അമർ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ദൂതനായി വെള്ളിയാഴ്ച എത്തിയിട്ടുണ്ട്. ഇസ്രയേലിന് ‘പ്രതിരോധിക്കാൻ’ അവകാശമുണ്ട് എന്ന പതിവ് നിലപാടാണ് അമേരിക്കയുടേത്. എങ്കിലും സെനറ്റർ ബെർണി സാൻഡേഴ്സ് അടക്കം ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനവാദികൾ ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ നിലപാടെടുക്കണമെന്ന് വാദിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ച യുഎഇയും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറും മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാണ്. വിഷയം ചർച്ച ചെയ്യാൻ ഞായറാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി ഞായറാഴ്ച വിർച്വൽ യോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച യോഗം വിളിക്കണമെന്ന് ചൈന, നോർവെ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നയതന്ത്രശ്രമങ്ങൾക്ക് സമയം നൽകാനെന്ന പേരിൽ അമേരിക്ക വൈകിക്കുകയായിരുന്നു.
ഭാവിരാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാൻ പലസ്തീൻ ഉദ്ദേശിക്കുന്ന കിഴക്കൻ ജെറുസലേമിലെ ചില പലസ്തീൻ കുടുംബങ്ങളെ ജൂതകുടിയേറ്റക്കാർക്കുവേണ്ടി ഒഴിപ്പിക്കാൻ ഇസ്രയേൽ നീക്കമാരംഭിച്ചതും അവിടത്തെ അൽ അഖ്സ പള്ളിയിൽ നോമ്പുകാലത്ത് നടത്തിയ അതിക്രമങ്ങളുമാണ് പലസ്തീൻകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. അൽ അഖ്സ അതിക്രമം അവസാനിപ്പിക്കാൻ ഹമാസ് നൽകിയ അന്ത്യശാസനം അവസാനിച്ചതിനെത്തുടർന്ന് അവർ റോക്കറ്റുകൾ തൊടുത്തതിന്റെ പേരിലാണ് ഗാസയിൽ തിങ്കളാഴ്ച ഇസ്രയേൽ കനത്ത ആക്രമണം തുടങ്ങിയത്.
ലബനൻകാരൻ കൊല്ലപ്പെട്ടു
ബെയ്റൂട്ട് > പലസ്തീൻകാർക്കെതിരെയുള്ള ഇസ്രയേലി അതിക്രമത്തിൽ പ്രതിഷേധിച്ച ലബനൻകാർക്കെതിരെ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. ലബനനിലെ പലസ്തീൻ അഭയാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ അതിർത്തിയിലെ തടസ്സങ്ങൾ നീക്കി അകത്ത് കടക്കാൻ ശ്രമിച്ചു എന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേൽ നടത്തിയ വെടിവയ്പിനെ ലബനൻ പ്രസിഡന്റ് മൈക്കേൽ ഔൻ ശക്തമായി അപലപിച്ചു.