മെൽബൺ> പന്തുചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടിയത് ടീമിലെ ബൗളർമാർക്ക് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് വ്യക്തമാക്കി. ഇംഗ്ലീഷ് മാധ്യമമായ ‘ഗാർഡിയന്’ നൽകിയ അഭിമുഖത്തിലാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. 2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാംടെസ്റ്റിലാണ് വിവാദമായ പന്തുചുരണ്ടൽ ഉണ്ടായത്.
കേപ്ടൗൺ വേദിയായ ടെസ്റ്റിന്റെ മൂന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോൾ ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നത് ക്യാമറയിൽ പതിഞ്ഞു. പാന്റ്സിൽ ഒളിപ്പിച്ച മഞ്ഞ സാൻഡ് പേപ്പർ കൊണ്ടായിരുന്നു പന്ത് ചുരണ്ടിയത്. അമ്പയർ ചോദിച്ചപ്പോൾ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തും ബാൻക്രോഫ്റ്റും കള്ളം പറഞ്ഞു. എന്നാൽ, ഏറെ വൈകാതെ പിടിക്കപ്പെടുകയായിരുന്നു.
സംഭവത്തിൽ സ്മിത്തിനും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുവർഷം വിലക്കേർപ്പെടുത്തി. ബാൻക്രോഫ്റ്റിന് ഒമ്പതുമാസമായിരുന്നു വിലക്ക്. വിവാദത്തിനുപിന്നാലെ പരിശീലകൻ ഡാരെൻ ലീമാൻ രാജിവച്ചു.
മറ്റൊരു കളിക്കാരനും ഈ കാര്യം അറിയില്ലെന്നായിരുന്നു ഓസ്ട്രേലിയൻ സമിതി കണ്ടെത്തിയത്. എന്നാൽ, ഇതിന് വിപരീതമാണ് നിലവിൽ ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. ‘തെറ്റാണ് ചെയ്തത്. പന്ത് ചുരണ്ടിയത് ബൗളർമാർക്ക് മുൻതൂക്കം കിട്ടാനാണ്. അതിനാൽത്തന്നെ അവർക്ക് ഇതറിയാം. സ്വയം വിശദീകരിക്കേണ്ടതാണ് അത്’– -ബാൻക്രോഫ്റ്റ് പറഞ്ഞു.
പന്തുചുരണ്ടൽ വിഷയത്തിൽ പുതുതായി എന്ത് ആരോപണം ഉയർന്നാലും അന്വേഷിക്കാൻ ബാധ്യസ്ഥരാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചു.