ബീജിങ് > ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ വാഹനം വിജയകരമായി ചൊവ്വയിൽ ഇറങ്ങി. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.48ന് ചൊവ്വ ഉത്തരധ്രുവത്തിലെ ഉട്ടൊപ്യ പുനീഷ്യിലാണ് ‘ഷുറോങ്’ റോബോട്ട് ഇറങ്ങിയത്. 2020 ജൂലൈ 23ന് വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ‘ടിയാൻവെൻ–-1’ പേടകത്തിലാണ് ഷുറോങ് യാത്ര തിരിച്ചത്. ഫെബ്രുവരി 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. മാസങ്ങൾ വലം വച്ചശേഷമായിരുന്നു നിലത്തിറക്കം.
‘ഭീതിയുടെ ഏഴ് മിനിറ്റ്’ എന്ന് വിശേഷിപ്പിച്ച നിർണായക സമയം അതിജീവിച്ച് പാരച്യൂട്ടിലാണ് 240 കിലോയുള്ള റോവർ ചൊവ്വ തൊട്ടത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോബോട്ടിന് ആറു ചക്രമുണ്ട്. ഇറങ്ങിയശേഷം സോളാർ പാനൽ പ്രവർത്തനക്ഷമമായി ഭൂമിയിലേക്ക് സിഗ്നൽ അയക്കാൻ 17 മിനിറ്റെടുത്തു.
ഗ്രഹത്തിൽ ജീവന്റെ സാധ്യത അന്വേഷിക്കുകയാണ് ദൗത്യം. പഠനങ്ങൾക്കായി പാറകളുടെ സാമ്പിളും മറ്റ് വിവരങ്ങളും ശേഖരിക്കും. ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഭിനന്ദിച്ചു. സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കുംശേഷം ചൊവ്വയിൽ പേടകം ഇറക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ചൈന.